Home » » കോര്‍പറേറ്റ് അടിസ്ഥാന വിഭാഗങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ പൊതുബജറ്റ്.

കോര്‍പറേറ്റ് അടിസ്ഥാന വിഭാഗങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ പൊതുബജറ്റ്.

Written By Unknown on Saturday, 28 February 2015 | 00:31

ന്യുഡല്‍ഹി: കോര്‍പറേറ്റ് അടിസ്ഥാന വിഭാഗങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ പൊതുബജറ്റ്. കേരളത്തിന് എടുത്തു പറയാവുന്ന ഒരു പദ്ധതിയും അനുവദിക്കാത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യത്തില്‍ താനും മുന്‍ഗാമികളെ പോലെതന്നെയാണെന്ന് തെളിയിച്ചു. സ്വത്ത് നികുതി ഒഴിവാക്കി അതിസമ്പന്നര്‍ക്ക് അധിക നികുതി കൊണ്ടുവന്ന ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്താന്‍ തയ്യാറായില്ല. എന്നാല്‍ വിവിധ പദ്ധതികള്‍ വഴി ജനങ്ങള്‍ 4.5 ലക്ഷത്തോളം രൂപ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി പറയുന്നു.
കള്ളപ്പണവും ബിനാമി ഇടപാടുകളും നികുതി വെട്ടിപ്പും തടയുന്നതിന് സമഗ്ര നിയമം ബജറ്റില്‍ പറയുന്നു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. അശോക ചക്ര മുദ്രണമുള്ള ഗോള്‍ഡ് കോയിന്‍ പുതി പദ്ധതിയാണ്. സബ്‌സിഡി ഇല്ലാതാക്കുകയല്ല, ചോര്‍ച്ച തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ പരിരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ 12 രൂപ പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
2015-16 വര്‍ഷത്തില്‍ 8-8.5% വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നതായി ബജറ്റിന്റെ തുടക്കത്തില്‍ ധനമന്ത്രി വ്യക്തമാക്കി. നാണ്യപ്പെരുപ്പം 5.1% ആയി കുറയ്ക്കാന്‍ കഴിഞ്ഞതാണ് നേട്ടം. രൂപ കരുത്താര്‍ജിച്ച സമയമാണിത്. സാമ്പത്തിക രംഗം ഏറെ അനുകൂലമായി. സര്‍ക്കാരിന് മൂന്ന് നേട്ടങ്ങളാണുള്ളത്. കല്‍ക്കരി ലേലത്തിലെ സുതാര്യത, ജന്‍ ധന്‍ യോജന, സ്വച്ഛ് ഭാരത് എന്നിവ വിജയം.
പൗരന്മാരുടെ മെച്ചപ്പെട്ട ആരോഗ്യം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചുനീക്കാന്‍ നടപടി. സ്വച്ഛ് ഭാരത് പ്രകാരം 50 ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. ആറു കോടി ടോയ്‌ലറ്റുകളാണ് ലക്ഷ്യം.
യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്നു. ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന ഹബ് ആക്കും.
കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ വെല്ലുവിളി സാമ്പത്തിക അച്ചടക്കം ആവശ്യപ്പെടുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ധനകമ്മിറ്റി 3% ആയി കുറയ്ക്കുന്നതിനുള്ള പ്രയാണത്തിലാണ് സര്‍ക്കാര്‍.
സബ്‌സിഡി ചോര്‍ച്ച തടയും.- സബ്‌സിഡി കുറയ്ക്കുകയല്ല, ചോര്‍ച്ച തടയുകയാണ് ലക്ഷ്യം. ഇതിനായി ജന്‍ ധന്‍, ആധാര്‍, മൊബൈല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തും. എം.പിമാരും ഉയര്‍ന്ന വരുമാനമുള്ളവരും എല്‍.പി.ജി സബ്‌സിഡി ഉപേക്ഷിക്കണം.
2016 ഏപ്രില്‍ ഒന്ന് ജി.എസ്.ടി നിലവില്‍ വരും.
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 53,000 കോടി അനുവദിച്ചു.
നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള എല്ലാവര്‍ക്കും ചികിത്സ സൗകര്യം നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും.
കാര്‍ഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി
മുദ്രാ ബാങ്ക്:-പ്രധാനമന്ത്രി മുദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട സാമ്പത്തിക സ്ഥാപനങ്ങളെ സംശുദ്ധീകരിക്കും. ഇതിലേക്ക് 20,000 കോടി
ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് 25,000 കോടി
കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ ദേശീയ കര്‍ഷക വിപണി രൂപീകരിക്കും
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് 70,000 കോടിയാക്കി
പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന:- ജനങ്ങളില്‍ ഏറെയും യാതൊരുവിധ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഇല്ലാത്തവരാണ്. എല്ലാവര്‍ക്കും സാര്‍വത്രിക സാമൂഹ്യ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തും. 12 രൂപ പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് കവറേജ്. ജന്‍ ധന്‍ യോജനയുമായി പദ്ധതിയെ ബന്ധിപ്പിക്കും.
അടല്‍ പെന്‍ഷന്‍ യോജന- ഇതിലേക്ക് 50% സര്‍ക്കാര്‍ സംഭാവന. വാര്‍ദ്ധക്യത്തിലും രോഗങ്ങളിലും ആരും കഷ്ടത അനുഭവിക്കരുതെന്നാണ് ഇതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടു ലക്ഷം രൂപയാണ് പരിരക്ഷ. ജന്‍ ധന്‍ യോജനയില്‍ പങ്കാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം.
ബി.പി.എല്‍ വിഭാഗത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായത്തിന് പുതിയ ക്ഷേമപദ്ധതി.
ന്യുനപക്ഷ യുവാക്കള്‍ക്കായി 'നയി മന്‍സില്‍' പദ്ധതി
ദേശീയ നിക്ഷേപ നിര്‍മ്മാണ ഫണ്ട് കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നു.
കൂടംകുളം രണ്ടാംഘട്ടം അടുത്ത വര്‍ഷം
റെയില്‍വേ ,റോഡ് പദ്ധതികളില്‍ നികുതി രഹിത അടിസ്ഥാന സൗകര്യ നിര്‍മ്മാണ ബോണ്ടുകള്‍
അടിസ്ഥാന സൗകര്യ നിര്‍മ്മാണ മേഖലയില്‍ പി.പി.പി- ഇതിലേക്ക് 1000 കോടി
4000 മെഗാ വാട്ട് വീതം ശേഷിയുള്ള അഞ്ച് അള്‍ട്രാ മെഗാ പദ്ധതികള്‍
തപാല്‍ ഓഫീസുകളില്‍ ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.
വന്‍കിട പദ്ധതികള്‍ക്കുള്ള മുന്‍കൂര്‍ ക്ലിയറന്‍സ് പരിശോധിക്കുന്നതിന് വിദഗ്ധ സമിതികള്‍
എം.എന്‍.ആര്‍.ഇ.ജി.എ വിഹിതം 5000 കോടി
ലോകോത്തര ഐ.ടി ഹബുകള്‍ക്കായി 150 കോടിയുടെ പ്രാഥമിക വിഹിതം
പബ്ലിക് ഡെബ്റ്റ് മാനേജ്‌മെന്റ് ഏജന്‍സി- ഓഹരി വിപണിയുടെ പരീഷ്‌കരണത്തിന്
എഫ്.എം.സിയെ സെബിയുമായി യോജിപ്പിച്ച് ശക്തിപ്പെടുത്തും
നേരിട്ടുള്ള നികുതി ഘടന പരിഷ്‌കരിക്കും
ഇ.എസ്.ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഏതു വേണമെന്ന് തൊഴിലാളികള്‍ക്ക് തീരുമാനിക്കാം.
സ്വര്‍ണം പണമാക്കുന്ന പദ്ധതി- സ്വര്‍ണത്തോട് വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം കൊണ്ടുവരും. ഇതു പ്രകാരം അശോകചക്ര മുദ്രണമുള്ള സ്വര്‍ണ നാണയങ്ങള്‍ ഇറക്കും.
സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് ആയിരം കോടി വകയിരുത്തും
പൊതു മേഖല തുറമുഖങ്ങള്‍ക്ക് കമ്പനി ആക്ടിന്റെ പരിധിയില്‍ കമ്പനികളായി മാറാനുള്ള അവസരമൊരുക്കും.
തൊഴിലുറപ്പ് പദ്ധതിക്ക് 5000 കോടിയുടെ നികുതി ഇളവ്.
വിനോദ സഞ്ചാര വികസനത്തിന് പൈതൃക നഗര പദ്ധതി നടപ്പാക്കും.- ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, മുംബൈ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മുന്‍ഗണന.
സ്ത്രീ സുരക്ഷയ്ക്ക് നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി
വിസ ഓണ്‍ അറൈവല്‍ 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ 43 രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ പദ്ധതി വിജയം.
അഴിമതി, തട്ടിപ്പ്, ആക്ഷേപങ്ങള്‍ എന്നിവ നേരിടാന്‍ ശക്തമായ നിയമം കൊണ്ടുവരും.
കര്‍ണാടകയില്‍ ഐഐടി, ജമ്മു കശ്മീരില്‍ ഐഐഎം
നാഷണല്‍ സ്‌കില്‍ മിഷന്‍ ആരംഭിക്കും. 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ തൊഴിലുടമകളാകുന്ന സാഹചര്യം സൃഷ്ടിക്കും.
എയിംസ്- ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ എയിംസ്
പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി സ്‌കീല്‍ പെടുത്തി ഐ.ടി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള സംവിധാനം
ബിഹാറിനും പശ്ചിമ ബംഗാളിലും പ്രത്യേക സഹായം
കേരളത്തില്‍ സ്പീച്ച് ആന്റ് ഹിയറിംഗ് സര്‍വകലാശാല- തിരുവനന്തപുരം സ്പീച്ച് ആന്റ് ഹിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിനെ (നീഷ്) സര്‍വകലാശാല പദവിയിലേക്ക് ഉയര്‍ത്തും.
അരുണാചല്‍ പ്രദേശില്‍ സിനിമാ നിര്‍മ്മാണത്തിനും ആനിമേഷനും ഇന്‍സ്റ്റിറ്റിയൂട്ട്
മേക്ക് ഇന്‍ ഇന്ത്യ വഴി കയറ്റുമതിയും ലക്ഷ്യമിടുന്നു. പദ്ധതിക്ക് നികുതിയിളവുകള്‍
പ്രതിരോധ മേഖലയ്ക്ക് 2,46,727 കോടി കോടി. 25,000 കോടിയുടെ വര്‍ധനവ്.
പദ്ധതിയേതര ചെലവ് 13,12,200 കോടി
ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്ന ധനകമ്മി 3.9 %
കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സമഗ്രനിയമം നിര്‍മ്മിക്കും. വിദേശങ്ങള്‍ കള്ളപ്പണ നിക്ഷേപത്തിന് 10 വര്‍ഷം വരെ കഠിന തടവു ശിക്ഷ നടപ്പാക്കും. റിട്ടേണ്‍ നല്‍കാത്തതും പൂര്‍ണ്ണമായ വിവരം ഉള്‍പ്പെടുത്താതെയുള്ള റിട്ടേണ്‍ സമര്‍പ്പിക്കലിനും ശിക്ഷ. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും. വിദേശ അക്കൗണ്ടിലെ വിവരങ്ങള്‍ റിട്ടേണില്‍ ഉള്‍പ്പെടുത്തണം. നികുതി വെട്ടിപ്പിന് 300% പിഴ.
ബിനാമി സ്വത്ത് ട്രാന്‍സാക്ഷന്‍ ബില്‍ -റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കള്ളപ്പണം ഒഴുക്ക് തടയുന്നതിന് ബിനാമി സ്വത്ത് ട്രാന്‍സാക്ഷന്‍ ബില്‍ ഉടന്‍ കൊണ്ടുവരും.
നികുതി പരിഷ്‌കാരങ്ങള്‍:
കോര്‍പറേറ്റ് നികുതി 30% ല്‍ നിന്ന് 25% ആയി കുറച്ചു. നാലു വര്‍ഷത്തേക്കാണിത്.
ചരക്കു സേവന നികുതി അടുത്ത വര്‍ഷം മുതല്‍
ജനറല്‍ ആന്റി അവോയിഡന്‍സ് റൂള്‍സ് (ജിഎഎആര്‍) നടപ്പാക്കുന്നത് വിയോജിപ്പ് മൂലം രണ്ടു വര്‍ഷത്തേക്ക് നീട്ടി.
ഓണ്‍ലൈന്‍ എക്സൈസ് , കസ്റ്റംസഡ് നികുതി രജിസ്ട്രേഷന്‍ ആഴ്ചയില്‍ രണ്ടു ദിവസം
നികുതികള്‍:-
സ്വത്ത് നികുതി ഒഴിവാക്കി ഒരു കോടിയ്ക്കു മേല്‍ വരുമാനമുള്ളവര്‍ക്ക് 2% അധിക നികുതി. ഇതുവഴി 9,000 കോടിയുടെ അധിക സമാഹരണം.
കല്‍ക്കരിയ്ക്കുള്ള ക്ലീന്‍ എനര്‍ജി സെസ് ടണ്ണില്‍ 200 രൂപയാക്കി.
ചിലയിനം അസംസ്‌കൃത വസ്തുക്കള്‍ക്കും മദ്ധ്യഉത്പന്നങ്ങള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും
ഒരു ലക്ഷം രൂപയില്‍ ഉയര്‍ന്ന എല്ലാ വാങ്ങലിനും പാന്‍ കാര്‍ഡ് നിര്‍ബന്ധം
1000 രൂപയില്‍ കുറവുള്ള തുകല്‍ പാദരക്ഷകളുടെ എക്‌സൈസ് ഡ്യൂട്ടി 6% ആയി കുറച്ചു.
സ്വച്ഛ് ഭാരത്, ശുചീത്വ ഗംഗ പദ്ധതികള്‍ക്കുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഒഴിവാക്കി.
ഏകീകൃത സേവന നികുതി 14% ആയി ഉയര്‍ത്തി.
സിഗരറ്റിനും പാന്‍ മസാലയ്ക്കും നികുതി വര്‍ധിപ്പിച്ചു.
ആരോഗ്യ പരിരക്ഷ പദ്ധതിയില്‍ മധ്യ വര്‍ഗത്തിനുള്ള ഇളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 30,000 രൂപ വരെയാകും.
സുകന്യ സമൃദ്ധി പദ്ധതിയ്ക്കുള്ള എല്ലാ സംഭാവനകളും പൂര്‍ണ്ണമായും നികുതി രഹിതം.
ആദായ നികുതി പരിഛധിയില്‍ മാറ്റമില്ല. എന്നാല്‍ വിവിധ ഇനങ്ങളിലാലി ജനങ്ങള്‍ക്ക് 4,44,200 രൂപവരെ വ്യക്തിഗത നികുതി ഇളവ് നേടാന്‍ കഴിയും.
നാഷണല്‍ പെന്‍ഷന്‍ സ്‌കീം പദ്ധതികളിലെ സംഭാവനയ്ക്ക് നികുതി വരുമാനത്തില്‍ 50,000 രൂപ കുറവ്.
യോഗയെ കാരുണ്യപ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടുത്തി.
യാത്ര ബത്തയ്ക്കുള്ള നികുതിയിളവ് 800 രൂപയില്‍ നിന്ന് 1600 രൂപയാക്കി.
പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ വഴി 8,314 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. അതേസമയം, പരോക്ഷ നികുതി നിര്‍ദേശങ്ങള്‍ വഴി 23,383 കോടിയുടെ വരവും പ്രതീക്ഷിക്കുന്നതായും ജെയ്റ്റ്‌ലി പറയുന്നു.
സര്‍ക്കാര്‍ പറഞ്ഞത് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നൂം ബജറ്റ് അവതരണത്തിന്റെ സമാപനഘട്ടത്തില്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച ശേഷം ധനമന്ത്രി 2015-16ലെ ധനവിനിയോഗ ബില്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.
രാജ്യം അതിവേഗ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ബജറ്റ് അവതരിപ്പിക്കുന്നത് ഏറ്റവും ഗുണകരമായ സമയത്താണ്. ആഗോള സാമ്പത്തിക രംഗം ഏറെ അനുകൂലം. വളര്‍ച്ചയുടെ ഫലം സാധാരണക്കാര്‍ക്ക് കൈമാറുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
എല്ലാവരുടെയും ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വളര്‍ച്ചയുടെ ഫലം യുവാക്കള്‍ക്കും സ്ത്രീകര്‍ക്കും സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും കൈമാറണം.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞു. ഇന്ത്യ പറന്നുയരുന്നതിനുള്ള മികവിലാണെന്ന് ലോകം വിലയിരുത്തുന്നു. സംസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചയില്‍ തുല്യ പങ്കാളികളാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.