Home » » വരും വര്‍ഷങ്ങളില്‍ ചൈനയെ മറികടക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.

വരും വര്‍ഷങ്ങളില്‍ ചൈനയെ മറികടക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.

Written By Unknown on Friday, 27 February 2015 | 23:40

ന്യൂഡല്‍ഹി: കര്‍ശന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2015-2016 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 8.1 മുതല്‍ 8.5 ശതമാനം വരെയാകുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച്‌ 31 ന്‌ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.4 ശതമാനമാണ്‌. നിലവിലെ വളര്‍ച്ചയില്‍ അനുകൂല സാഹചര്യമാണുള്ളതെങ്കില്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ച രണ്ടക്കം കടക്കുമെന്നും ചൈനയെ മറികടക്കുമെന്നുമാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌. മോശം കാലം കഴിഞ്ഞുവെന്നും സാമ്പത്തികസര്‍വേ തറപ്പിച്ചു പറയുന്നു.

കാര്‍ഷിക വിപണി മേഖലയില്‍ വിദേശനിക്ഷേപം ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ടുള്ള കാര്‍ഷിക വിപണികള്‍ രൂപീകരിക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ തയാറല്ലാത്തതിനാലാണിതെന്ന വിശദീകരണവുമുണ്‌ട്‌. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ്‌ മാര്‍ക്കറ്റ്‌ കമ്മിറ്റിയുടെ (എപിഎംസി) കീഴില്‍ ദേശീയ പൊതു കാര്‍ഷിക വിപണി രൂപീകരിക്കണം. സംസ്ഥാനങ്ങള്‍ പഴം-പച്ചക്കറി വര്‍ഗങ്ങളെ എപിഎംസിയില്‍നിന്ന്‌ ഒഴിവാക്കണം. സ്വകാര്യവിപണികള്‍ക്കു വേണ്‌ട നയരൂപീകരണം സംസ്ഥാനങ്ങള്‍ നടപ്പാക്കണം.

കാര്‍ഷികമേഖലയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്‌ 4.4 ശതമാനമാണ്‌. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വരുമാനത്തില്‍ കുറവു വന്നാല്‍ പൊതുചെലവുകള്‍ കുറയ്‌ക്കേണ്‌ടിവരും. പൊതുമേഖലയിലെ ഓഹരി വിറ്റഴിച്ച്‌ വരുമാനം കണെ്‌ടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌.

സബ്‌സിഡി അര്‍ഹതയില്ലാത്തവരുടെ കൈകളിലെത്തുന്നതു തടയണമെന്നു സര്‍വേ നിര്‍ദേശിക്കുന്നു. 2014-2015ല്‍ ഭക്ഷ്യ സബ്‌സിഡി 20 ശതമാനം വര്‍ധിച്ച്‌ 107823.75 കോടിയായിട്ടുണ്‌ട്‌. ധനകമ്മി കുറയ്‌ക്കുന്നതിനു സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

പാചകവാതകം, മണ്ണെണ്ണ സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണം. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു സബ്‌സിഡികള്‍ ഉപകരിക്കുന്നില്ലെന്നാണു വിലയിരുത്തല്‍. ആധാര്‍ കാര്‍ഡ്‌ വഴി സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്‌ടിലേക്കു നേരിട്ടു നല്‍കുന്നതു വ്യാപകമാക്കിയാല്‍ സബ്‌സിഡി കുറയ്‌ക്കാം. സബ്‌സിഡി പണമായി ഉപഭോക്താക്കള്‍ക്കു നേരിട്ടു നല്‍കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയായ ജന്‍ധന്‍ യോജന, ആധാര്‍, മൊബൈല്‍ (ജെഎഎംജാം) എന്നിവക്രിയാത്മകമായി ഉപയോഗിച്ച്‌ അര്‍ഹര്‍രായവര്‍ക്കു മാത്രം എത്തിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു. ജന്‍ധന്‍ യോജന വഴി എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക്‌ അക്കൗണ്‌ട്‌ നല്‍കണം. ആധാറുമായി ഇവയെ ബന്ധിപ്പിക്കണം. തുടര്‍ന്ന്‌ സബ്‌സിഡി ബാങ്ക്‌ വഴി നല്‍കാം.

രാജ്യത്ത്‌ 60 കോടി മൊബൈല്‍ ഉപഭോക്താക്കളുള്ളതിനാല്‍ മൊബൈല്‍ വഴിയും സബ്‌സിഡി നല്‍കാവുന്നതാണ്‌. ഗ്രാമീണ മേഖലയില്‍ 37 കോടി പേര്‍ക്ക്‌ മൊബൈലുണ്‌ട്‌. എല്ലാ മാസവും 28 ലക്ഷം പേര്‍ ഗ്രാമീണമേഖലയില്‍ പുതുതായി മൊബൈല്‍ വാങ്ങുന്നു. ആധാറില്‍ എന്‍റോള്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. രാജ്യത്ത്‌ 155015 പോസ്റ്റ്‌ ഓഫീസുകളില്‍ 89.76 ശതമാനവും ഗ്രാമീണമേഖലയിലാണു പ്രവര്‍ത്തിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ പോസ്റ്റ്‌ ഓഫീസില്‍ അക്കൗണ്‌ടുണ്‌ടാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. തുടര്‍ന്ന്‌ ആധാറുമായി ബന്ധപ്പെടുത്തണം. ഇതു വഴി സബ്‌സിഡി എല്ലാവര്‍ക്കും പണമായി നേരിട്ട്‌ നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ആറു ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക്‌ 3.4 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു. ആഗോള എണ്ണ വില ഇടിഞ്ഞതാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിനു ഗുണകരമായത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്കായി ഇന്ത്യയെ നൈപുണ്യ കേന്ദ്രമാക്കി മാറ്റണം. പദ്ധതിയെ സഹായിക്കാന്‍ ആവശ്യമായ നികുതി ഭേദഗതി കൊണ്‌ടു വരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1,00,000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി ഉത്‌പാദിപ്പിക്കണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടണം എന്നിവയാണു റിപ്പോര്‍ട്ടിലെ മറ്റു ശിപാര്‍ശകള്‍. റെയിവേയില്‍ വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ്‌. ദീര്‍ഘകാലത്തേക്കു സ്വകാര്യനിക്ഷേപവും ഹ്രസ്വകാലത്തേക്ക്‌ പൊതുനിക്ഷേപവും ഗുണം ചെയ്യും. സാമ്പത്തികവളര്‍ച്ചയുടെ നിര്‍ണായക ശക്തിയായി റെയില്‍വേയ്‌ക്കു മാറാന്‍ കഴിയുമെന്നും സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.