കൊച്ചി: ഐ.പി.എല്‍ കോഴ കേസില്‍ പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് നേരെ വധശ്രമം ഉണ്ടായതായി സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍.
തീഹാര്‍ ജയിലില്‍ വച്ചാണ് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചത്. ജയിലിലെ ക്രിമിനലാണ് ഭീഷണി മുഴക്കിയത്. വാതിലിന്റെ സാക്ഷയ്ക്ക് മൂര്‍ച്ച കൂട്ടുന്ന ആയുധം ഉപയോഗിച്ചായിരുന്നു ഭീഷണി. ആയുധം ഉപയോഗിച്ച് ഗുണ്ട ശ്രീയെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇതിനിടെ ശ്രീയുടെ കൈയ്ക്ക് പരിക്കേറ്റു.
സംഭവം ശ്രീ ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ശ്രീയെ സെല്ലില്‍ നിന്നും മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് എന്തെങ്കിലും നടപടിയുണ്ടായോ എന്ന കാര്യം അറിയില്ലെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് ഐ.പി.എല്‍ കേസുമായി ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 മെയ് 16നാണ് ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്ത് അറസ്റ്റിലായത്. അതേ വര്‍ഷം സെപ്തംബറിലാണ് ശ്രീയ്ക്ക് ബി.സി.സി.ഐ വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റെ വാദം അടുത്ത മാസം തുടരും.








