Home » » മക്‌ഡൊണാള്‍ഡിനും, കെന്റക്കിക്കും, തൃശ്ശൂരിലെ നീറ്റ ജലാറ്റിന്‍ കമ്പനികള്‍ക്കുമെതിരെ മാവോയിസ്റ്റ്‌ ലഘുലേഖകള്‍.

മക്‌ഡൊണാള്‍ഡിനും, കെന്റക്കിക്കും, തൃശ്ശൂരിലെ നീറ്റ ജലാറ്റിന്‍ കമ്പനികള്‍ക്കുമെതിരെ മാവോയിസ്റ്റ്‌ ലഘുലേഖകള്‍.

Written By Unknown on Monday, 2 March 2015 | 03:07

മലപ്പുറം; എടക്കര അമേരിക്കന്‍ കുത്തക കമ്പനിയായ മക്‌ഡൊണാള്‍ഡിനും, കെന്റക്കിക്കും, തൃശ്ശൂരിലെ നീറ്റ ജലാറ്റിന്‍ കമ്പനികള്‍ക്കുമെതിരെ മാവോയിസ്റ്റ്‌ ലഘുലേഖകള്‍. സി.പി.ഐ മാവോയിസ്റ്റ്‌ പശ്ചിമഘട്ട പ്രതേ്യക സോണല്‍ കമ്മറ്റിയുടെ പേരിലാണ്‌ ലഘുലേഘകള്‍. മക്‌ഡൊണാള്‍ഡ്‌, കെന്റക്കി ഫ്രൈഡ്‌ ചിക്കനേയും പോലുള്ള ബഹുരാഷ്‌ട്ര റെസ്റ്റോറന്റ്‌ കുത്തകകളെ ഇന്ത്യയുടെ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കുക എന്ന തലക്കെട്ടോടെയാണ്‌ ലഘുലേഖ തുടങ്ങുന്നത്‌. കഴിഞ്ഞ ദിവസം തണ്ണിക്കടവ്‌ കല്ലായിപ്പൊട്ടിയിലെ കാരക്കുന്നേല്‍ ഹമീദിന്റെ വീട്ടിലാണ്‌ മാവോയിസ്റ്റുകള്‍ ഇവയെല്ലാമടങ്ങിയ ലഘുലേഘകള്‍ വിതരണം ചെയ്‌തത്‌. ലോകത്തെ ഏറ്റവും പട്ടിണിപാവങ്ങളുള്ള നാടുകളില്‍ ഒന്നാണ്‌ ഇന്ത്യ. ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ചില്ലറ വില്‍പ്പന, ഭക്ഷ്യവിപണികളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ കടന്നുവരവ്‌. ഒരു നേരത്തെ ആഹാരത്തിന്‌ വകയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്ക്‌ മുന്‍പില്‍ സാമ്രാജ്യത്വ രുചിഭേദങ്ങള്‍ വിളമ്പുന്ന ഈ കുത്തകകള്‍ ഒറ്റവാക്കില്‍ വാക്കില്‍ പറഞ്ഞാല്‍ അശ്ലീലമാണെന്ന്‌ ലഘുലേഘയില്‍ പറയുന്നു. മനുഷ്യരുടെ ഭക്ഷ്യാവശ്യങ്ങളെയല്ല മറിച്ച്‌ രുചി കുമിളകളെ മാത്രം തൃപ്‌തിപ്പെടുത്തുന്ന ജങ്ക്‌ ഫുഡ്‌ വിഭാഗത്തില്‍പെടുന്ന ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും ജനങ്ങളെ അപകടകരമാംവിധം ദോഷകരമാണെന്ന്‌ പറയുന്നു. മാത്രവുമല്ല രാജ്യത്തെ സമ്പത്ത്‌ ഇവര്‍ കൊള്ളയടിക്കുകയാണെന്നും ലഘുലേഘയില്‍ പറയുന്നു. വെള്ളത്തിനേയും മണ്ണിനേയും മലിനമാക്കുന്ന തൃശ്ശൂര്‍ കാതിക്കൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പിനിയെ കെട്ടുകെട്ടിക്കന്‍ മറ്റൊരു ലഘുലേഘയില്‍ പറയുന്നു. മൃഗങ്ങളുടെ എല്ലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒസീന്‍ എന്ന പദാര്‍ഥം ഉത്‌പാദിപ്പിക്കുന്ന കമ്പനി ചാലക്കുടി പുഴയില്‍ നിന്ന്‌ വന്‍തോതില്‍ ജലമൂറ്റുകയും, പൂറംതള്ളുന്ന രാസവസ്‌തുക്കള്‍ പുഴയിലേക്ക്‌ ഒഴുക്കുകയും ചെയ്യുന്നതായി നോട്ടീസില്‍ വിവരിക്കുന്നു. ഇവയ്‌ക്ക്‌ പുറമെ കടക്കെണി സൃഷ്‌ടിക്കുന്ന ആഗോളവല്‍ക്കരണം, കുടുംബശ്രീ താഴെ തട്ടുവരെയത്തുന്ന കടക്കെണി, കര്‍ഷകരെ കടക്കെണിയിലാക്കുന്ന സഹകരണ ബാങ്കുകള്‍, വയനാട്‌ കുഞ്ഞോമില്‍ നടന്ന സൈനിക ക്യാമ്പ്‌ ചെന്നിത്തലയുടെ പുതുവത്സര സമ്മാനം, കുഞ്ഞോമിലെ മാവോയിസ്റ്റ്‌ ഏറ്റുമുട്ടല്‍ ഉത്തരവാദി സര്‍ക്കാര്‍, തുടങ്ങി നിരവധി തലക്കെട്ടുകളോടെയുള്ള ലഘുലേഘകളും, കബനീദളത്തിന്റെ മുഖപ്രതമായ കാട്ടുതീയുടെ വിവിധ പതിപ്പുകളുമാണ്‌ വിതരണം നടത്തിയിട്ടുള്ളത്‌. പി.എം.സി രാം ഘട്ടത്തില്‍ നഗര, ഗ്രാമ തലങ്ങളിലെ ശത്രു കേന്ദ്രങ്ങളില്‍ സംയുക്തമായി ആഞ്ഞടിക്കുന്നുവെന്ന തലക്കെട്ടോടെയുള്ള കാട്ടുതീയില്‍ ആദിവാസി ഭൂമി തട്ടിയെടുത്ത അഗ്രഹാരം റിസോര്‍ട്ടിനെതിരെയും, നെടുംപൊയിലില്‍ ജനവിരുദ്ധ ക്വാറിക്കെതിരെ നടത്തിയ ആക്രമണവും, റോഡ്‌ സ്വകാര്യവര്‍ക്കരണത്തിനും, ചുങ്കപ്പാതകള്‍ക്കുമെതിരെ ഹൈവേ അഥോറിരിറ്റി ഓഫീസ്‌ ആക്രമിച്ചതും, അട്ടപ്പാടിയിലെ ആനവായ്‌ ഫോറസ്റ്റ്‌ ഓഫീസ്‌ കത്തിച്ചതും, ആദിവാസിഭൂമി കയ്യേറി നിര്‍മ്മിച്ച താമറിന്റ്‌ റെസ്റ്റോററ്റ്‌ ആക്രമണവും വിവരിക്കുന്നു. 

ബ്ലേഡ്‌ മാഫിയകളെ ഇല്ലായ്‌മ ചെയ്യാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിക്കാന്‍ മാവോയിസ്റ്റ്‌ ആഹ്വാനം. ജനകീയ വിമോചന ഗറില്ലാ സേന കബനീദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയുടെ പതിനാറാം ലക്കത്തിലാണ്‌ ബ്ലേഡ്‌ മാഫിയക്കെതിരെയും, വട്ടിപ്പലിശക്കാര്‍ക്കെതിരെയും ആഞ്ഞടിച്ചിട്ടുള്ളത്‌. ബ്ലേഡ്‌ മാഫിയകളുടെ പിടിയിലകപ്പെട്ട വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യകളും, അനുദിന പീഢനവാര്‍ത്തകളുമായാണ്‌ ബുളളറ്റിന്‍ തുടങ്ങുന്നത്‌. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ സര്‍ക്കാര്‍ ജോലികളും, കച്ചവടവും, ഗള്‍ഫും, കെട്ടിട നിര്‍മ്മാണവുമൊക്കെ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കൃഷിയും, അനുബന്ധ ജോലികളും ചെയ്‌താണ്‌ ജീവിക്കുന്നത്‌. ഭക്ഷ്യ കൃഷി പ്രാധാന്യമായിരുന്ന കാലത്ത്‌ ഹുണ്ടികക്കാര്‍ കര്‍ഷകര്‍ക്ക്‌ പണം വായ്‌പ നല്‍കുകയും അതിന്റെ തിരിച്ചടവിനായി കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു. ഇത്‌ കര്‍ഷകരുടെ നടുവൊടിച്ചു. നാണ്യവിളകൃഷി ഈ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. വിദേശത്തും, സ്വദേശത്തുമുള്ള കുത്തകകളാണ്‌ ഇതിന്റെ വിപണി നിയന്ത്രിക്കുന്നത്‌. അതിനാര്‍ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച കര്‍ഷകരെ ദുരിതത്തിലാക്കി. ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുത്ത്‌ കൃഷിയിറക്കുന്ന കര്‍ഷകരെ വിലത്തകര്‍ച്ച കടക്കെണിയിലാക്കി. ബാങ്കുകളുടെ ജപ്‌തി ഭീഷണി നേരിട്ട കര്‍ഷകര്‍ കൂടുതല്‍ പലിശക്ക്‌ പ്രാദേശിക ബ്ലേഡുകാരില്‍ നിന്നും പണമെടുത്ത്‌ ബാങ്കുകളില്‍ അടയ്‌ക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ ബ്ലേഡ്‌ മാഫിയകളുടെ കുരുക്കില്‍ പെടുകയാണ്‌. സ്വന്തം ഭൂമി ബ്ലേഡുകാരന്‌ രജിസ്റ്റര്‍ ചെയ്‌തുകൊടുത്താണ്‌ കര്‍ഷകര്‍ പണം വാങ്ങിയത്‌. തിരിച്ചടവ്‌ മുടങ്ങിയതോടെ ബ്ലേഡുകാര്‍ ഗുണ്ടകളുമായി വരവായി. കര്‍ഷകരുടെ പുരോഗതിയും, വികാസവും ഇല്ലാതാക്കുന്ന ഈ ദുരിതത്തിന്‌ നാളിതുവരെ ഭരിച്ച സര്‍ക്കാരുകളാണ്‌ കാരണക്കാര്‍. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ്‌ കര്‍ഷകരെ കടക്കെണിയിലാക്കുന്നത്‌. പിന്തിരിപ്പന്‍ അര്‍ദ്ധ-ജന്മിത്ത ചൂഷണത്തിന്റെ ഉത്തരവാദികളായ സര്‍ക്കാരും, ബ്ലേഡ്‌ മാഫിയകളും സമൂഹ പുരോഗതിക്ക്‌ തടസ്സം നില്‍ക്കുന്നു. കര്‍ഷകരുടെ വിമോചനത്തിനും രാജ്യ പുരോഗതിക്കും, സ്വശ്രതത്വത്തിനും എതിരായ ഈ അര്‍ദ്ധ ജന്മിത്ത വ്യവസ്ഥിതി താങ്ങി നിര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കുംഅതിന്റെ നടത്തിപ്പുകാരായ ബ്ലേഡ്‌ മാഫിയകള്‍ക്കുമെതിരെ ജനരോഷമുയരട്ടെയെന്ന്‌ ബുള്ളറ്റിനില്‍ പറയുന്നു. ഇതിന്‌ പുറമെ കഴിഞ്ഞ ഡിസംബറില്‍ ഇറങ്ങിയ പതിനേഴാം ലക്കത്തില്‍ വയനാട്‌ കുഞ്ഞോം സ്വദേശികളായ രണ്ട്‌ വട്ടിപ്പലിശക്കാരുടെയും, നിരവില്‍പുഴ സ്വദേശിയുടെയും പേരെടുത്ത്‌ പറഞ്ഞ്‌ ഇവരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും പറയുന്നുണ്ട്‌. സര്‍ക്കാര്‍ നടത്തിവരുന്ന ഓപ്പറേഷന്‍ കുബേര ഒരു ഹാസ്യ നാടകമാണെന്ന്‌ വെള്ളമുണ്ട സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിളിന്റെയും പ്രദേശത്തെ ഒരു വട്ടിപ്പലിശക്കാരന്റെയും ഫോണ്‍ സംഭാഷണം എടുത്തുകാട്ടി വിവരിക്കുന്നു. റെയ്‌ഡിന്‌ വരുന്ന വിവരം പോലീസുകാരന്‍ വട്ടിപ്പലിശക്കാരനെ അറിയിക്കുന്നതാണ്‌ ഫോണ്‍ സംഭാഷണം. ബ്ലേഡ്‌, ബാങ്ക്‌ മാഫിയകള്‍ക്കതിരായ പരാതി മാവോയിസ്റ്റ്‌ ദളത്തെയോ, പ്രവര്‍ത്തകരെയോ അറിയിക്കാനും ബുള്ളറ്റിനില്‍ പറയുന്നുണ്ട്‌. 
മരുതയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ സ്ഥിരമായി എത്തുന്നതായി സൂചന. കഴിഞ്ഞ ദിവസം തണ്ണിക്കടവിലെ കാരക്കുന്നേല്‍ ഹമീദിന്റെ വീട്ടില്‍ വന്ന സംഘം പ്രദേശത്തെ മറ്റൊരു വീട്ടില്‍ രാത്രി പത്തു മണിവരെ തങ്ങിയതായാണ്‌ സൂചന. ഇവിടെ നിന്നും ഭക്ഷണവും മറ്റും കഴിച്ച ശേഷമാണ്‌ മൂവര്‍ സംഘം പോയതെന്ന്‌ കരുതുന്നു. ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ്‌ തണ്ണിക്കടവ്‌ വനാതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ താമസിക്കുന്നത്‌. വനത്തില്‍ നിന്നും ഈ വീടുകളിലേക്ക്‌ വരാന്‍ എളുപ്പം സാധിക്കുമെന്നതിനാലും, തണ്ടര്‍ ബോള്‍ട്ടടക്കമുള്ള പോലീസ്‌ സേനാ വിഭാഗങ്ങക്ക്‌ ഇവിടേക്ക്‌ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ്‌ മാവോയിസ്റ്റുകള്‍ ഈ മേഖലയില്‍ സ്ഥിരമായി എത്താന്‍ കാരണം. മാത്രവുമല്ല പാതിരിപ്പാറ കോറിപ്പടി കഴിഞ്ഞാല്‍ പിന്നീടുള്ള ഭൂമികള്‍ അണ്‍ സര്‍വ്വെയില്‍ പെട്ടവയാണ്‌. ഇതിന്‌ പുറമെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പെടുന്നവയുമാണ്‌. ഇക്കാരണങ്ങളാല്‍ ഈ കുടിയേറ്റ മേഖലയിലെ ജനങ്ങള്‍ കാലങ്ങളായി കുടിയിറക്ക്‌ ഭീഷണിയിലുമാണ്‌. ഇവയെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ളതിനാല്‍ കുടിയിറക്ക്‌ ഭീഷണി നേരിടുന്ന ഗ്രാമീണരെ വശത്താക്കാനുള്ള ശ്രമമാണ്‌ മാവോയിസ്റ്റുകള്‍ നടത്തുന്നത്‌. മരുത, മഞ്ചക്കോട്‌, തണ്ണിക്കടവ്‌ പ്രദേശങ്ങളില്‍ പല തവണ വന്നിട്ടുണ്ടെന്ന്‌ ഹമീദിന്റെ വീട്ടിലെത്തിയ സംഘത്തിലെ മലയാളി പറഞ്ഞിരുന്നു. പോലീസ്‌ കേസും മറ്റുമാകുമെന്നതിനാലാണ്‌ ജനങ്ങള്‍ വിവരം പുറത്ത്‌ പറയാത്തത്‌. ജനങ്ങളുടെ സഹകരണമില്ലാതെ മാവോയിസ്റ്റുകള്‍ക്ക്‌ ഇവിടെ വരാനും പോകാനും കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ജില്ലാ പോലീസ്‌ മേധാവി പറഞ്ഞിരുന്നു. ഇത്‌ വളരെ ശരിയാണെന്ന്‌ വേണം കരുതാന്‍. ഇതിന്‌ പുറമെ ചോലനായക്ക വിഭാഗത്തില്‍പെടുന്ന ആദിവാസികള്‍ താമസിക്കുന്ന വനത്തിനുള്ളിലെ കോളനിയിലും മാവോയിസ്റ്റുകള്‍ സ്ഥിരമായി എത്തുന്നുണ്ടെന്നാണ്‌ വിവരം. സ്വാഭാവിക വനമായ ഇവിടെ വന്യമൃഗ ശല്ല്യം രൂക്ഷമായതിനാല്‍ തണ്ടര്‍ ബോള്‍ട്ടും ലോക്കല്‍ പോലീസും വനാതിര്‍ത്തിയില്‍ മാത്രം പരിശോധന നടത്തി മടങ്ങുകയാണ്‌ ചെയ്യാറ്‌. മാവോയിസ്റ്റ്‌ വേട്ടയുടെ പേരില്‍ പലയിടങ്ങളില്‍ നിന്നുമായി ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവര്‍ക്ക്‌ പ്രസ്ഥാനവുമായി ബന്ധമില്ലാത്തതിന്റെ പേരില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി വനാതിര്‍ത്തികളിലെയും വനങ്ങള്‍ക്കുള്ളിലെയും ആദിവാസികളുടെ പിന്തുണ നേടിയെടുത്ത മാവോയിസ്റ്റുകള്‍ ഗ്രാമീണ ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. എന്നാല്‍ ഇതിനെതിരെ ആഭ്യന്തരവകുപ്പിന്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.