Home » » ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

Written By Unknown on Sunday, 8 March 2015 | 19:20

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയതിനു പിന്നാലെ നിരോധനമുള്ള ഗുജറാത്ത്‌ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ നിരോധനം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതു സംബന്ധിച്ച്‌ ഒരു മാതൃകാ ബില്‍ തയാറാക്കുന്നതിനു നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്‌ കത്തയച്ചു. ഈ മാതൃകാ ബില്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പരിഗണനയ്‌ക്ക്‌ അയയ്‌ക്കും. ഇതോടെ ഗോവധ നിരോധനമെന്ന നിര്‍ദേശം കേരളത്തിലേക്കും എത്തുമെന്നുറപ്പായി.

നിയമമന്ത്രാലയത്തിന്‌ അയച്ച കത്തില്‍ പശുക്കളെയും പാല്‍ ഉത്‌പാദിപ്പിക്കുന്ന മറ്റു മൃഗങ്ങളെയും കൊല്ലുന്നതു തടയാന്‍ ഭരണഘടനപരമായി നിയമസാധുതയുണേ്‌ടാ എന്നു പരിശോധിച്ച്‌ ഉപദേശം നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്‌. ഭരണഘടനയിലെ 48-ാം വകുപ്പനുസരിച്ചു നിയമനിര്‍മാണത്തിനു സാധ്യതയുണേ്‌ടാ എന്നാണു കേന്ദ്രസര്‍ക്കാര്‍ നിയമമന്ത്രാലയത്തോട്‌ ഉപദേശം ആരാഞ്ഞിരിക്കുന്നത്‌. ഇതു പ്രകാരം നൂതനവും ശാസ്‌ത്രീയവുമായ കാര്‍ഷിക, മൃഗസംരക്ഷണ ലക്ഷ്യങ്ങള്‍ക്കായി പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നതു നിരോധിക്കാവുന്നതാണ്‌.

2005ല്‍ ഇതു സംബന്ധിച്ചു സുപ്രീംകോടതി ഗുജറാത്ത്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗോവധ നിരോധനത്തെ പ്രത്യേകം എടുത്തു പരാമര്‍ശിച്ച വിവരവും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നയച്ച കത്തില്‍ ചൂണ്‌ടിക്കാട്ടുന്നു. നിരോധനം സംബന്ധിച്ച നിയമം ഒരു മാതൃകാ ബില്‍ ആക്കി മറ്റു സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ചാണു പ്രധാനമായും നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിരിക്കുന്നത്‌.

ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്‌, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഏറ്റവുമൊടുവിലായി മഹാരാഷ്‌ട്രയിലാണു സംസ്ഥാന സര്‍ക്കാര്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത്‌. മഹാരാഷ്‌ട്രയിലെ നിരോധനം വന്‍ പ്രതിഷേധങ്ങളുയര്‍ത്തിയതിനു പിന്നാലെയാണു നിരോധന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്നാലെ നീങ്ങുന്നത്‌. ഇന്നു തുടങ്ങുന്ന ഹരിയാന നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം അവതരിപ്പിക്കുമെന്നു കൃഷിമന്ത്രി ഓം പ്രകാശ്‌ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി `ഗോവംശ്‌ സംരക്ഷണ്‍, ഗോ സംവര്‍ധന്‍' ബില്‍ അവതരിപ്പിക്കുമെന്നാണ്‌ മന്ത്രി അറിയിച്ചത്‌. ഇതോടെ ഹരിയാനയിലും ഗോവധ നിരോധനം നടപ്പില്‍ വരും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.