മംഗളുരു: വിദ്വേഷ പ്രസംഗം നടത്തിയ വി.എച്ച്.പി നേതാവ് സദ്‌ഹ്വി ബാലികാ സരസ്വതിക്കെതിരെ മംഗളുരു പോലീസ് കേസെടുത്തു. മധ്യപ്രദേശില്‍ നിന്നുള്ള വി.എച്ച്.പി നേതാവായ സദ്‌ഹ്വി മംഗളുരുവില്‍ നടന്ന ഹിന്ദു സമജോട്‌സവാ സമ്മേളനത്തിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സുരേഷ് ഭട്ട് ബക്രബലിയെന്നയാള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഐ.പി.സി 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മാര്‍ച്ച് ഒന്നിന് നടന്ന സമ്മേളനത്തിലാണ് സദ്‌ഹ്വി വിവാദ പ്രസ്‌താവന നടത്തിയത്. ഇന്ത്യയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ഇന്ത്യയില്‍ താമസിക്കുകയും ചെയ്‌ത ശേഷം പാക്കിസ്‌താനെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്നവരെ ചെരുപ്പൂരി അടിച്ച ശേഷം പാക്കിസ്‌താനിലേക്ക് നാട് കടത്തണമെന്നായിരുന്നു സദ്‌ഹ്വിയുടെ പ്രസ്‌താവന. അയോധ്യയില്‍ മാത്രമല്ല അങ്ങ് ഇസ്ലാമാബാദിലും രാമക്ഷേത്രം പണിയുമെന്നും ഇവിടെ നിന്ന് ഭക്‌തര്‍ അവിടെ പോയി പൂജ നടത്തും. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ എല്ലാവരും വന്ദേമാതര ഏറ്റ് പറയണമെന്നും അവര്‍ പറഞ്ഞിരുന്നു.








