തലശേരി: തലശേരിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഇളന്തോട്ടത്തിൽ മനോജിനെ വെട്ടിക്കൊന്നത് സി.പി.എമ്മിന്റെ അറിവോടെയാണെന്ന് സി.ബി.ഐ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തേണ്ടതുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും തലശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കി. കേസിൽ ആകെ 19 പ്രതികളെയാണ് ക്രൈംബ്രാഞ്ച്പ്രതി ചേർത്തിരുന്നത്. ഇവരെ മുഴുവൻ സി.ബി.ഐ അറസ്റ്റു ചെയ്യുകയും ചെയ്തു.ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന മനോജിനെ 2014 സെപ്റ്റംബർ ഒന്നിനാണ് വെട്ടിക്കൊന്നത്. കതിരൂർ ഡയമണ്ട് മുക്കിൽ സുഹൃത്തിനൊപ്പം കണ്ണൂരിലേക്ക് വരുന്നതിനിടെ വാനിന് നേരെ ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമായിരുന്നു ആക്രമണം. കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും പിന്നീട് പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സി.ബി.ഐയ്ക്ക് കൈമാറുകയുമായിരുന്നു. വിക്രമനാണ് ഒന്നാം പ്രതി. പാട്യം സ്വദേശി വിജേഷ്, ശിവപുരം സ്വദേശി ടി. പ്രഭാകരൻ, കോട്ടയം പൊയിലിലെ സുജിത്ത്, കതിരൂരിലെ നന്ദിയത്ത് വിനോദ്, കടമ്പേരിയിലെ കരിങ്കയം കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന പ്രതികൾ. ഇതുവരെ 230 ലേറെ സാക്ഷികളുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെടുമ്പോൾ മനോജ് ഉപയോഗിച്ചിരുന്ന കാറും പ്രതികൾ എത്തിയ ബൈക്കുകളുൾപ്പെടെയുള്ള തൊണ്ടിമുതലും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
വിക്രമനെ അറസ്റ്റു ചെയ്തിട്ട് ആറു മാസം തികയാൻ ഒരു ദിവസം ബാക്കിയിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനാൽ ആറു മാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും. വിക്രമൻ, പ്രകാശൻ, പ്രഭാകരൻ എന്നിവർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആയിരത്തോളം പേജ് വരുന്നതാണ് കുറ്റപത്രം. ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് കേസ് പിന്നീട് സി.ബി.ഐ കോടതിയിലേക്ക് മാറ്റും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ: എസ്.പി ഹരി ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.







