Home » » മലയോര ഗ്രാമങ്ങളിലെ യുവാക്കള്‍ ലഹരിമരുന്ന്‌ റാക്കറ്റുകളുടെ പിടിയില്‍.

മലയോര ഗ്രാമങ്ങളിലെ യുവാക്കള്‍ ലഹരിമരുന്ന്‌ റാക്കറ്റുകളുടെ പിടിയില്‍.

Written By Unknown on Monday, 2 March 2015 | 04:50

എടക്കര: മലയോര ഗ്രാമങ്ങളിലെ യുവാക്കള്‍ ലഹരിമരുന്ന്‌ റാക്കറ്റുകളുടെ പിടിയില്‍. അന്യ സംസ്ഥാനങ്ങളിലെ പ്രെഫണല്‍ കോളേജുകളില്‍ പഠനം നടത്തുന്ന ചില വിദ്യാര്‍ഥികളാണ്‌ റാക്കറ്റിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. കഞ്ചാവ്‌, ബ്രൗണ്‍ ഷുഗര്‍, മാനസിക രോഗത്തിനടിപ്പെട്ടവര്‍ക്ക്‌ നല്‍കുന്നതും, വേദനാ സംഹാരികളായി ഉപയോഗിക്കുന്നതുമായ ഗുളികകള്‍, ഇന്‍ജക്ഷനുകള്‍ എന്നിവയാണ്‌ സംഘം മേഖലയില്‍ വ്യാപകമായി വിതരണം ചെയ്യുന്നത്‌. കഴിഞ്ഞ ജനുവരി അഞ്ചിന്‌ പോത്തുകല്‍ അമ്പിട്ടാംപൊട്ടി സ്വദേശിയായ അമല്‍ ജെയിംസ്‌ എന്ന എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ മാഫിയയുടെ പീഢനങ്ങളെത്തുടര്‍ന്നായിരുന്നു. നാല്‌ പേജ്‌ വരുന്ന അമലിന്റെ ആത്മഹത്യാ കുറിപ്പില്‍ സംഘത്തിന്റെ തലവനടക്കം നാല്‌ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങളും മറ്റുള്ള വിവരങ്ങളും വിശദമായി കൊടുത്തിട്ടുണ്ട്‌. ആത്മഹത്യ ചെയ്‌ത വിദ്യാര്‍ഥിയുടെ മാതാവ്‌ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷനേതാവ്‌, ഡി.ജി.പി, ജില്ലാ പോലീസ്‌ മേധാവി എന്നിവര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടുമില്ല. അമല്‍ ജെയിംസ്‌ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പേരെടുത്ത്‌ പറഞ്ഞ വിദ്യാര്‍ഥികള്‍ ഇപ്പോഴും ഒളിവിലാണ്‌. എന്നാല്‍ പണവും സ്വാധീനവുമുപയോഗിച്ച്‌ കേസ്‌ അട്ടി മറിച്ചതായാണ്‌ സൂചന. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിലധികായി ഈ വിദ്യാര്‍ഥി മയക്കുമരുന്ന്‌ റാക്കറ്റിന്റെ പ്രവര്‍ത്തനം മേഖലയില്‍ സജീവമാണ്‌. നിലമ്പൂര്‍, ചന്തക്കുന്ന്‌, ഉപ്പട, ചാത്തംമുണ്ട, സുല്‍ത്താന്‍പടി, പോത്തുകല്‍, അമ്പിട്ടാംപൊട്ടി, മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലെ നൂറ്‌ കണക്കിന്‌ വിദ്യാര്‍ഥികളും, വിദ്യാര്‍ഥികളുടെ സുഹൃത്‌ വലയത്തില്‍പെട്ട യുവാക്കളും റാക്കറ്റിന്റെ പിടിയിലാണ്‌. മേഖലയില്‍നിന്നും അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന ചില പെണ്‍കുട്ടികളും റാക്കറ്റിലുള്‍പ്പെട്ടതായാണ്‌ സൂചന. ഇവരെ കരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ രഹസ്യ വിവരമുണ്ട്‌. അമല്‍ ജെയിംസ്‌ മരിക്കുന്നതിന്‌ ഒരു മാസം മുന്‍പ്‌ സുല്‍ത്താന്‍പടിയിലെ ഒരു വീട്ടില്‍ സംഘത്തിലെ പത്തിലേറെ പേര്‍ കൂടിയിരുന്നു. വിവിധ ലഹരി മരുന്നുകള്‍ അന്ന്‌ ഇവിടെ എത്തിച്ചിരുന്നതായും സംഘാംഗങ്ങള്‍ ഉപയോഗിച്ചതായും പ്രദേശവാസികള്‍ പറയുന്നുണ്ട്‌. സംഘത്തിലെ പ്രധാന കണ്ണികള്‍ ഒളിവിലാണെങ്കിലും മയക്കുമരുന്നുകള്‍ ഇപ്പോഴും യഥേഷ്‌ടം ഇവിടെയത്തുന്നുണ്ട്‌. മയക്കുമരുന്ന്‌ ലഹരിയില്‍ യുവാക്കള്‍ തമ്മില്‍ രണ്ട്‌ തവണ മേഖലയില്‍ സംഘര്‍ഷമുണ്ടായിട്ടുമുണ്ട്‌. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്‌ സംഘത്തെക്കുറിച്ച്‌ മേഖലയിലെ ചിലര്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ തന്നെ വിവരം നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത്‌ നിന്നും നാളിതുവരെ യാതൊരു അനേ്വഷണവുമുണ്ടായിട്ടില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.