Home » » എഴുതി നല്‍കിയ ആരോപണങ്ങള്‍,വെളിപ്പെടുത്താതിരുന്ന കെ. സുരേന്ദ്രനെ സോളാര്‍ അന്വേഷണ കമ്മീഷന്‍ വിമര്‍ശിച്ചു.

എഴുതി നല്‍കിയ ആരോപണങ്ങള്‍,വെളിപ്പെടുത്താതിരുന്ന കെ. സുരേന്ദ്രനെ സോളാര്‍ അന്വേഷണ കമ്മീഷന്‍ വിമര്‍ശിച്ചു.

Written By Unknown on Friday, 6 March 2015 | 05:44

കൊച്ചി: എഴുതി നല്‍കിയ ആരോപണങ്ങള്‍, മൊഴി നല്‍കാനെത്തിയപ്പോള്‍ വെളിപ്പെടുത്താതിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സോളാര്‍ അന്വേഷണ കമ്മീഷന്‍ വിമര്‍ശിച്ചു. സോളാര്‍ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിത എസ്‌. നായര്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും വച്ചു മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടുവെന്നും ജുഡീഷറിയെ സ്വാധീനിച്ചുവെന്നുമുള്ള ഏഴ്‌ ആരോപണങ്ങളാണു കമ്മീഷന്‌ എഴുതി നല്‍കിയിരുന്നത്‌. ഇതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ കമ്മീഷനു മുമ്പില്‍ ഹാജരായ സുരേന്ദ്രന്‍ യാതൊന്നും വെളിപ്പെടുത്തിയില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറപ്പില്ലാത്തതിനാലാണു സുരേന്ദ്രന്‍ പിന്‍മാറുന്നതെന്നായിരുന്നു വിമര്‍ശനം.

ജുഡീഷറിയെ സ്വാധീനിച്ചെന്ന ആരോപണത്തെക്കുറിച്ചു ഹൈക്കോടതി വിജിലന്‍സ്‌ അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്‌. സോളാര്‍ തട്ടിപ്പ്‌ ഒതുക്കിത്തീര്‍ക്കാന്‍ കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഹരികൃഷ്‌ണന്‍ പണം വാങ്ങിയതായി സുരേന്ദ്രന്‍ മൊഴി നല്‍കി. ഹരികൃഷ്‌ണന്റെ സഹോദരന്‍ മുരളീകൃഷ്‌ണനാണ്‌ ഇക്കാര്യം തന്നോടു പറഞ്ഞത്‌.
 
മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ഷാഫി മേത്തര്‍ എന്നിവര്‍ക്കെതിരേ നേരത്തേ നടത്തിയ ചില പരാമര്‍ശങ്ങളില്‍ വക്കീല്‍ നോട്ടീസ്‌ അയച്ചിട്ടുണെ്‌ടന്നും അക്കാര്യത്തില്‍ തീര്‍പ്പാകാത്തതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, എഴുതി നല്‍കിയ മൊഴിയില്‍ ഇവരെക്കുറിച്ചുള്ള ആരോപണങ്ങളില്ലെന്നും തെളിവുകള്‍ നല്‍കാമെന്ന്‌ അറിയിച്ചതിനാലാണു സുരേന്ദ്രനെ കേസില്‍ കക്ഷി ചേര്‍ത്തതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സരിത, ബിജു എന്നിവരില്‍നിന്ന്‌ പിടിച്ചെടുത്ത സിഡിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.