തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസില് പ്രതി മുഹമ്മദ് നിഷാമിനെ രക്ഷപ്പെടുത്താന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ശ്രമിച്ചുവെന്നതിന് തെളിവില്ലെന്ന് ആവര്ത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്ക്കാര് ചീഫ് വിപ്പ് പി.സി ജോര്ജ് നല്കിയ സി.ഡിയില് ഡി.ജി.പിയെ സംശയിക്കാന് തക്ക ഒരു തെളിവുമില്ല. താനും ജോര്ജും ഒരുമിച്ചാണ് സി.ഡി കണ്ടത്. ഡി.ജി.പിയെ ഒരു തരത്തിലും ബന്ധപ്പെടുത്താന് കഴിയുന്നില്ല. അതില് പൂര്ണ്ണവിശ്വാസമുണ്ട്. കേസന്വേഷണത്തില് ഒരു വീഴ്ചയും വരില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിഷാമിനെ രക്ഷിക്കാന് ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി മറ്റൊരു ഡി.ജി.പിയായ എം.എന് കൃഷ്ണമൂര്ത്തി തൃശൂര് സിറ്റി പോലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെ സ്വാധീനിക്കാന് ശ്രമിച്ചതിന്റെ ടെലിഫോണ് സംഭാഷണമായിരുന്നു പി.സി ജോര്ജ് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയത്. ബാലസുബ്രഹ്മണ്യത്തിനെതിരായ ചില ആരോപണങ്ങളും കേസന്വേഷണ സംഘത്തിലെ മറ്റു ചില ഉദ്യോഗസ്ഥര്ക്കെതിരായ ആരോപണങ്ങളുന്നയിക്കുന്ന കത്തും ജോര്ജ് നല്കിയിരുന്നു.








