തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11.30 ഓടെ 'പ്രശാന്തി'യില്‍ എത്തിയ അന്വേഷണ സംഘം ചില വിവരങ്ങള്‍ ശേഖരിച്ച് അരമണിക്കൂറിനു ശേഷം മടങ്ങി. മഹസര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. വിജിലന്‍സ് സംഘമെത്തയപ്പോള്‍ മാണി വസതിയിലുണ്ടായിരുന്നില്ല.
അതേസമയം, മാണി കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാര്‍ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നതായി ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററില്‍ നിന്നും കണ്ടെടുത്തു. 2014 ഏപ്രില്‍ രണ്ടിന് കെ.എല്‍ 01 ബിബി 7878 നമ്പര്‍ കാര്‍ എത്തിയതായി വാഹന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാറിലാണ് മാണിക്ക് പണം കൈമാറാന്‍ പോയതെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നു.
അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോഴപ്പണത്തില്‍ 35 ലക്ഷം രൂപ മാണിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചുവെന്നായിരുന്നു മൊഴി.








