കണ്ണൂര്‍: എന്ത് ആഹാരമാണ് കഴിക്കേണ്ടതെന്ന് വരെ ഭരണകൂടം തീരുമാനിക്കുകയും, എന്ത് ഭക്ഷണം കഴിക്കണമെന്ന പൗരന്റെ അവകാശം നിഷേധിക്കുകയും ചെയ്യുന്ന ഫാഷിസം രാജ്യത്ത് നടപ്പിലായി കഴിഞ്ഞുവെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെതിരായ ശബ്ദങ്ങള്‍ വളരെ ദുര്‍ബലമാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധിസഭ കണ്ണൂര്‍ റബ്‌കോ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കല്‍ ബില്‍ നിയമ ഭേദഗതി ചെയ്യാനുള്ള നരേന്ദ്രമോഡിയുടെ നീക്കം ആപത്കരമാണ്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ വിജയിച്ചത് നരേന്ദ്രമോഡിയോ ബി.ജെ.പിയോ അല്ലാ മറിച്ച് കോര്‍പ്പറേറ്റുകളാണ്. അവര്‍ക്ക് പ്രത്യുപകാരം ചെയ്തുകൊണ്ടുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നത്. കുത്തകകള്‍ക്കുവേണ്ടി നിയമം പോലും മാറ്റിയെഴുതാന്‍ ഭരണകൂടം തയ്യാറാകുന്നു. നമ്മുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമാറ് വനഭൂമി കോര്‍പ്പറേറ്റകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ്. എല്ലാ മേഖലകളിലും ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും തകര്‍ക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധിസഭ ആരംഭിച്ചത്. ഉദ്ഘാടനസമ്മേളനത്തില്‍ അഡ്വ കെ എം അഷ്‌റഫ് അധ്യക്ഷതവഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ സാംകുട്ടി ജേക്കബ് പാര്‍ട്ടി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എം.കെ മനോജ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി.കെ ഉസ്മാന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ. അബൂബക്കര്‍, ഇല്യാസ് തുമ്പേ, അഡ്വ കെ എം അഷ്‌റഫ്, പി.അബ്ദുല്‍ ഹമീദ്, നാസറുദ്ദീന്‍ എളമരം, തുളസീധരന്‍ പള്ളിക്കല്‍, മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, കെ.കെ ഹുസൈര്‍, ജ്യോതിഷ് പെരുമ്പുളിക്കല്‍, നൂര്‍ജഹാന്‍ തൊളിക്കോട് എ.കെ അബ്ദുല്‍ മജീദ് സംസാരിച്ചു.








