Home » » കെ.എസ്.ആര്‍.ടി.സി തകർച്ചക്ക് പിന്നിലെ അടിയൊഴുക്കുകൾ

കെ.എസ്.ആര്‍.ടി.സി തകർച്ചക്ക് പിന്നിലെ അടിയൊഴുക്കുകൾ

Written By Unknown on Wednesday, 29 April 2015 | 06:36

കെ.എസ്.ആര്‍.ടി.സി തകർച്ചക്ക് പിന്നിലെ അടിയൊഴുക്കുകൾ.
കോഴിക്കോട് ; റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്ട് മൂന്നാം വകുപ്പും മോട്ടോര്‍ വാഹന നിയമം 99 ാം വകുപ്പ് പ്രകാരവും റൂട്ടുകളുടെ കുത്തക കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിരിക്കുന്നത് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഒരുക്കാനാണ്. എന്നാല്‍ ഇന്‍ഷ്വറന്‍സ് സെസ് നടപ്പാക്കിയതോടെ സ്വകാര്യ മേഖലയെക്കാള്‍ നിരക്ക് കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടായി. ചെലവ് കുറഞ്ഞ യാത്രാസൗകര്യം എന്ന ലക്ഷ്യം ഇതോടെ ഇല്ലാതായി. നിലവിലെ നിയമം അനുസരിച്ച് ബസ്ചാര്‍ജ് തീരുമാനിക്കുമ്പോള്‍ എല്ലാ നികുതികളുമടങ്ങുന്ന തുകയാണ് നിശ്ചയിക്കേണ്ടത്. അങ്ങനെ ഏര്‍പ്പെടുത്തിയ നിരക്കിന് മുകളില്‍ വീണ്ടും സെസ് ഏര്‍പ്പെടുത്താന്‍ പാടില്ലാത്തതാണ്. ഭരണഘടനയുടെ 277ാം അനുഛേദപ്രകാരം സെസ് എന്നു പറയുന്നതും നികുതി തന്നെയാണ്. നിലവില്‍ പ്രതിവര്‍ഷം 39866 രൂപ ഇന്‍ഷ്വറന്‍സ് തുകയായി കണക്കാക്കി കിലോമീറ്ററിന് 50 പൈസ നിരക്കില്‍ ബസുകൂലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസുകളെക്കാള്‍ യാത്രാക്കൂലി കെ.എസ്.ആര്‍.ടി.സി. ബസ് യാത്രികരില്‍ നിന്ന് ഈടാക്കുന്നത് ഭരണഘടനയുടെ 19ാം വകുപ്പ് നല്‍കുന്ന തുല്ല്യനീതിക്ക് വിരുദ്ധമാണ്. മാത്രമല്ല 25 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് ഒരു രൂപ പ്രകാരം ഇന്‍ഷ്വറന്‍സ് സെസ് നല്‍കുന്നുമുണ്ട്. നിലവില്‍ ഇന്‍ഷ്വറന്‍സിന്‍െറ പേരില്‍ മൂന്ന് തരം നികുതിയാണ് ബസ്ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നഷ്ടത്തിന്‍െറ കണക്ക് നിരത്തി സഹതാപം പിടിച്ചുപറ്റുന്ന കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ റദ്ദാക്കലിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടുണ്ടാക്കിയ നഷ്ടം 846 കോടി രൂപയാണ്.  2010-11 കാലത്ത് 220.09 കോടി, 2011-12 കാലത്ത് 276 കോടി, 2012-13 കാലത്ത് 348.62 കോടി എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചിക്കുന്നതെന്ന് അക്കൗണ്ട് ജനറലാണ് കണ്ടത്തെിയത്. ജീവനക്കാരുടെ കുറവ്, സ്പെയര്‍പാര്‍ട്സുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി ഏറ്റവും കൂടുതല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കുന്നത് കേരളത്തിലാണ്. 22477 ബസുകളും 122287 ജീവനക്കാരുമുള്ള ആന്ധ്രയില്‍ ഷെഡ്യൂള്‍ റദ്ദാക്കല്‍ അര ശതമാനത്തില്‍ താഴെയാണെങ്കില്‍ കേരളത്തില്‍ 18 ശതമാനമാണ്. കെ.എസ്.ആര്‍.ടി.സിയെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് 12 വര്‍ഷത്തെ പഴക്കമുണ്ട്.

കാര്യക്ഷമത വര്‍ധിപ്പിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് 2003ല്‍ ഹൈപവര്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ 32 ശിപാര്‍ശകള്‍ നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍െറ പ്രവര്‍ത്തനം പുനസംഘടിപ്പിക്കുന്നതിന് മറ്റൊരു പഠനം നടത്തി നടപടികള്‍ അവസാനിപ്പിച്ചു. സാമ്പത്തികവും മാനേജ്മെന്‍റ് തലത്തിലുമുള്ള പ്രതിസന്ധിയില്‍ നിന്ന് കോര്‍പറേഷനെ കരകയറ്റുന്നതിന് സുശീല്‍ ഖന്ന 2006 ല്‍ മറ്റൊരു പഠനം നടത്തി. ഇതും പോരാഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനമായ വര്‍മ്മ ആന്‍റ് വര്‍മ്മയെ 2012 ജനുവരിയില്‍ ചുമതലയേല്‍പിച്ചു. ഇതിനൊക്കെ പുറമെയാണ് 2013 നവംബറില്‍ മൂന്‍ സിഎംഡി പുനരുദ്ധാരണ പാക്കേജ് തയാറാക്കി നല്‍കിയത്. വരുമാനം കൂട്ടാന്‍ മറ്റ് നിരവധി മാര്‍ഗങ്ങള്‍ ഇതില്‍ നിര്‍ദേശിച്ചിരുന്നു. നഷ്ടത്തിലുള്ള 2000 സര്‍വീസുകള്‍ പുനര്‍ക്രമീകരിച്ച് 30 ലക്ഷം രൂപ, മറ്റൊരു 1000 ബസുകളുടെ വരുമാനം വര്‍ധിപ്പിച്ച് 10 ലക്ഷം രൂപ, സ്വകാര്യമേഖലയിലെ സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ ഏറ്റെടുത്ത് 45 ലക്ഷം രൂപ, നിലവിലുള്ള 200 കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ളാസ് ബസ്സുകളുടെ വരുമാനം 5000 വീതം കൂട്ടി 10 ലക്ഷം രൂപ എന്നിങ്ങനെ ദിവസവും 95 ലക്ഷം രൂപയുടെ വരുമാനവര്‍ദ്ധനവാണ് പാക്കേജ് ലക്ഷ്യമിട്ടത്. ഒന്നും നടപ്പായില്ല്ള.  കോര്‍പറേഷന്‍െറ പക്കലുള്ള 5642 സര്‍വീസുകളില്‍ 4520 ഓര്‍ഡിനറി സര്‍വീസുകള്‍ ബസ് ഒന്നിന് 6152 രൂപയാണ് വരുമാനമായി കൊണ്ടുവരുന്നത്. എന്നാല്‍ 1122 സൂപ്പര്‍ ക്ളാസ് സര്‍വീസുകള്‍ ശരാശരി 14943 രൂപ വീതം നേടുന്നു. ഒഴിവാക്കാനാവാത്ത ഓര്‍ഡിനറികള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ള 2000 ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പും സൂപ്പര്‍ക്ളാസുമായി മാറ്റിയാല്‍ പ്രതിദിന വരുമാനം 1.75 കോടി രൂപയാണ് വര്‍ധിക്കും.

നഷ്ടത്തില്‍ ജീവനക്കാരുടെ പങ്ക്.
 സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേരളത്തിലെ എല്ലാ ബസുകളുടെയും റണ്ണിംഗ് ടൈം പുതുക്കി നിശ്ചയിച്ചതാണ്. ഇതുപ്രകാരം ഡബിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഒറ്റവരിപാതയിലൂടെ 336 കിലോമീറ്ററും രണ്ടുവരിപ്പാതയിലൂടെ 374 കിലോമീറ്ററും നാലുവരിപ്പാതയിലൂടെ 420 കിലോമീറ്ററും ഓടിക്കണം. എന്നാല്‍ ഇത് നടപ്പാക്കാതെ ഇപ്പോള്‍ ഓടിക്കുന്നത് 210 കിലോമീറ്റര്‍ മാത്രമാണ്. റണ്ണംഗ് ടൈം പരിഷ്ക്കരിച്ചാല്‍ ഫാസ്റ്റ് 560 കിലോമീറ്ററും സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ളവ 675 കിലോമീറ്ററും ഓടിക്കേണ്ടിവരും. എല്ലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളിലും ഒരു ദിവസം ബസ് ഓടിച്ചാല്‍ ഒരു ഡ്യൂട്ടി മാത്രമായാണ് കണക്കാക്കുക. എട്ട് മണിക്കൂറാണ് ജോലിസമയം. അതില്‍ കൂടുതല്‍ ജോലിചെയ്താല്‍ അധികസമയത്തിന് മാത്രം പ്രത്യേകം പണം നല്‍കും. 11 മണിക്കൂര്‍ ജോലി സമയമുള്ള കോഴിക്കോട് മൈസൂര്‍ റൂട്ടില്‍ ഓടുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ഡ്രൈവര്‍ക്ക് ഒരൂ ഡ്യൂട്ടിയും മൂന്ന് മണിക്കൂര്‍ അധിക അലവന്‍സും കിട്ടുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് രണ്ട് ഡ്യൂട്ടിയാണ് നല്‍കുന്നത്. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ ഒരു കിലോമീറ്ററിന് ആറ് രൂപ അധികച്ചിലവ് ഉണ്ടാകുന്നു. പ്രതിവര്‍ഷം 400 കോടി രൂപ ഈ വഴിക്ക് മാത്രം കെ.എസ്.ആര്‍.ടി.സി. നഷ്ടപ്പെടുത്തുന്നു.

നവ മാധ്യമങ്ങളിലൂടെ എളമരം കരീമിന്റെ പ്രസ്താവനക്കെതിരെ-
വന്ന  ഒരു പോസ്റ്റ്‌ ;


തകർച്ച ഇങ്ങനെ ഒക്കെ ആയിരിക്കെ ഭിന്നശേഷിയുള്ളവര്‍ക്കെതിരായ എളമരം കരീമിന്റെ പ്രസ്താവന നവമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ഇപ്പോഴും അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. ''ഇല്ല മുതലാളി ഇങ്ങനെയൊന്നും പറയരുത് തുടങ്ങിയ പരിഹാസശരങ്ങള്‍ അടങ്ങിയ നിരവധി പോസ്റ്റുകളിലൂടെ എളമരം കരീമിനെതിരെ രൂക്ഷമായ ഭാഷയിലാണ് നവ മാധ്യമങ്ങളിലൂടെ വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.