തിരുവനന്തപുരം: സ്വകാര്യ ടെലഫോൺ കമ്പനികളുടെ കുത്തൊഴുക്കിനിടെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എലിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് കേരളത്തിൽ മാത്രം. കഴിഞ്ഞ സാമ്പത്തിക വർഷം ബി.എസ്.എൻ.എലിന് ലാഭം നേടാനായത് കേരളത്തിൽ നിന്ന് മാത്രമാണ്. കേരളത്തിലെ 11 എസ്.എസ്.എകളിൽ നിന്നായി 412 കോടി രൂപ ബി.എസ്.എൻ.എലിന് ലാഭമായി കിട്ടി.
കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം 2,593 കോടി രൂപയിൽ നിന്ന് 2,844 കോടിരൂപയായി ഉയർന്നു. വരുമാന വർദ്ധനയിൽ കേരളത്തിന് പിന്നിൽ രണ്ടാംസ്ഥാനത്തുള്ളത് ബാംഗാളാണ്. വരുമാനത്തിൽ ബംഗാൾ കൈവരിച്ച വർദ്ധനയാകട്ടെ വെറും 54 കോടി രൂപ! പക്ഷേ, കണക്കുകൾ പരിശോധിക്കുമ്പോൾ ബാംഗാളിലും ബി.എസ്.എൻ.എലിന് ലാഭമില്ല. പത്തു വർഷങ്ങൾക്ക് മുമ്പ് വൻകിട കമ്പനികൾക്ക് ലീസ്‌ഡ് ലൈൻ വാടകയ്‌ക്ക് നൽകിയ വകയിൽ മഹാരാഷ്‌ട്രയിൽ നിന്ന് നേരിയ ലാഭം ബി.എസ്.എൻ.എലിന് കിട്ടിയിട്ടുണ്ട്.
ലാഭം കേരളത്തിൽ മാത്രമായതിനാൽ, ബി.എസ്.എൻ.എല്ലിന്റെ വികസന നിക്ഷേപങ്ങളും സാങ്കേതിക വികസന പദ്ധതികളും പ്രധാനമായും കേരളത്തിലാകും നടപ്പാക്കുകയെന്ന് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എം.എസ്.എസ് റാവു പറഞ്ഞു. മൊബൈൽ, ലാൻഡ് ലൈൻ, ബ്രോഡ് ബാൻഡ്, വൈ - ഫൈ തുടങ്ങിയ ടെലഫോണുമായി ബന്ധപ്പെട്ട സേവനങ്ങളിൽ കേരളത്തിൽ ബി.എസ്.എൻ.എൽ മുന്നിലാണ്. 62.84 ലക്ഷം മൊബൈൽ വരിക്കാരുമായി കേരളത്തിൽ ഐഡിയയ്‌ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് ബി.എസ്.എൻ.എൽ. ലാൻഡ് ലൈനിലാകട്ടെ 96.13 ശതമാനം വരിക്കാരുമായി മുന്നിൽ.
ലാൻഡ്‌ലൈൻ രംഗത്ത് റിലയൻസ്, ടാറ്റ, എയർടെൽ എന്നിവയ്‌ക്ക് വിപണിയിൽ ഒരു ശതമാനം പോലുമില്ല. എങ്കിലും, കഴിഞ്ഞ ആറുവർഷത്തിനിടയിൽ പത്തുലക്ഷത്തിലേറെ ലാൻഡ്ലൈൻ വരിക്കാൻ ബി.എസ്.എൻ.എൽ ഉപേക്ഷിച്ചു. ഇവരെ തിരിച്ചുപിടിക്കാനാണ് മേയ് മുതൽ ബ്രോഡ് ബാൻഡ്, ലാൻഡ് ലൈൻ കണക്ഷനുകളും രാത്രികാല കോളുകളും സൗജന്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളുമായി ബി.എസ്.എൻ.എൽ രംഗത്തെത്തിയത്.








