Home » » രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ ഓട്ടത്തിനു ആവേശോജ്വലതുടക്കം.

രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ ഓട്ടത്തിനു ആവേശോജ്വലതുടക്കം.

Written By Unknown on Wednesday, 12 March 2014 | 18:53

കാസര്‍ഗോഡ്‌: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ ഓട്ടത്തിനു കാസര്‍ഗോട്ട്‌ ആവേശോജ്വലതുടക്കം. വിദ്യാനഗറിലെ കാസര്‍ഗോഡ്‌ ഗവ.കോളജില്‍ നടന്ന ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ ജനസാഗരം ഒഴുകിയെത്തി. പൊരിവെയിലിലും ആവേശം ഒട്ടുംചോരാതെ ചടങ്ങില്‍ ജനക്കൂട്ടത്തെ നോക്കി ഓടുന്നതു താനാണെങ്കിലും എന്റെ ഇന്ധനം നിങ്ങളാണെന്നു ബോബി പറഞ്ഞപ്പോള്‍ സദസില്‍ കരഘോഷമുയര്‍ന്നു.

മദര്‍ തെരേസയുടെ ജീവചരിത്രം വായിച്ചതാണു തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കു തിരിയാന്‍ ഇതാണു കാരണമായതെന്നും ബോബി പറഞ്ഞു. സ്‌നേഹം കൊണ്‌ടുമാത്രമേ ഈ ലോകം കീഴടക്കാന്‍ കഴിയുകയുള്ളു. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ മാത്രമേ നമുക്കു പൂര്‍ണമായ സന്തോഷം ലഭിക്കുകയുള്ളു. ഇന്നു ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണു താനെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ബോബി ഫ്രണ്‌ട്‌സ്‌ ബ്ലഡ്‌ ബാങ്ക്‌ എന്ന പേരില്‍ ആവശ്യമുള്ളവര്‍ക്കു 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ലഡ്‌ ബാങ്കുകള്‍ സൃഷ്ടിക്കുകയാണു ദീര്‍ഘദൂര ഓട്ടത്തിന്റെ ലക്ഷ്യം. കൂടാതെ പാവപ്പെട്ട രോഗികള്‍ക്കു കുറഞ്ഞ ചെലവില്‍ മരുന്നു ലഭിക്കുന്നതിനു മെഡിക്കല്‍ ഷോപ്പും ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഒരുക്കുന്നുണ്‌ട്‌.

നിരവധി ക്ലബുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ബോബി ചെമ്മണ്ണൂരിന്റെ സംരംഭത്തിനു പിന്തുണയുമായി ദീര്‍ഘദൂര ഓട്ടത്തില്‍ അണിചേര്‍ന്നു. ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, കുണിയ, പെരിയ എന്നിവിടങ്ങളില്‍ ഇന്നലെ ഓട്ടത്തിനു സ്വീകരണം നല്‍കി. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്‌ സെന്‍സര്‍ ചിപ്‌ ഘടിപ്പിച്ച നൈക്‌ കമ്പനിയുടെ ഷൂസ്‌ ധരിച്ചാണ്‌ ബോബി ചെമ്മണ്ണൂര്‍ ഓടുന്നത്‌. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ റിക്കാര്‍ഡ്‌ ചെയ്യപ്പെടും. ദിവസം ശരാശരി 25-30 കിലോമീറ്റാണ്‌ ഓടുക. ഇതോടൊപ്പം ബോബി ഫ്രണ്‌ട്‌സ്‌ ബ്ലഡ്‌ ബാങ്കില്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള മൊബൈല്‍ രജിസ്‌ട്രേഷന്‍ കൗണ്‌ടറും സജ്ജീകരിച്ചിട്ടുണ്‌ട്‌. ഒരു മാസം കൊണ്‌ട്‌ ഓട്ടം തിരുവനന്തപുരത്തു സമാപിക്കും.

പി.കരുണാകരന്‍ എംപി ഓട്ടം ഉദ്‌ഘാടനം ചെയ്‌തു. താനും ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതായി എംപി അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി.പി. ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്‌. മുഹമ്മദ്‌ സഗീര്‍, കാസര്‍ഗോഡ്‌ നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, റെഡ്‌ക്രോസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. സുനില്‍ കുര്യന്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ അച്യുതന്‍ മാസ്റ്റര്‍, കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ.എ. ശ്രീനാഥ്‌, യൂണിയന്‍ ചെയര്‍മാന്‍ സയ്യിദ്‌ താഹ, നടനും ചെമ്മണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ പിആര്‍ഒയുമായ വി.കെ. ശ്രീരാമന്‍, പി.കെ.എസ്‌. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ കാസര്‍ഗോഡ്‌ ഗവ. കോളജിലെ 850 കുട്ടികള്‍ രക്തദാനത്തിനുള്ള സമ്മതപത്രം കൈമാറി. കൂടാതെ മറ്റു നിരവധി കോളജുകളും സംഘടനകളും സമ്മതപത്രം കൈമാറിയിട്ടുണ്‌ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.