ഫെബ്രുവരി 28 ന് ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ നളിനി നെറ്റോയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ജില്ലാ കലക്‌ടര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളില്‍ കൈകൊള്ളേണ്ടുന്ന എല്ലാവിധ മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തതായി കലക്‌ടര്‍ പറഞ്ഞു. ജില്ലയിലെ 13 അസംബ്ലി നിയോജക മണ്‌ഡലങ്ങളിലായി 1883 പോളിങ്ങ് സ്റ്റേഷനുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യം വിലയിരുത്തുന്നതിനായി വിഡിയോ ചിത്രീകരണം നടത്തി കഴിഞ്ഞു. വോട്ടര്‍മാര്‍ക്കാവശ്യമുളള സൗകര്യങ്ങള്‍ ബുത്തുകളിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. കുടിവെളള സൗകര്യം, മുറികളിലെ വെളിച്ചം, സുരക്ഷ, വോട്ടര്‍മാരുടെ സൗകര്യം, അംഗപരിമിതര്‍ക്കുളള റാമ്പ് സൗകര്യം തുടങ്ങിയവ പോളിങ്ങ് സ്റ്റേഷനുകളില്‍ ഉറപ്പു വരുത്തും. സ്ഥലപരിമിതിയുളള പോളിങ്ങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ കഴിയുന്നത്ര സ്ഥലങ്ങളില്‍ നേരിട്ട് പോയി സൗകര്യങ്ങള്‍ വിലയിരുത്തുമെന്ന് കലക്‌ടര്‍ പറഞ്ഞു.
അതത് സ്ഥലങ്ങളിലെ ഇലക്ഷനും ക്രമസമാധാനവുമായി ബന്ധപ്പെട്ട മുന്‍കാല ചരിത്രങ്ങളും കൂടി വിലയിരുത്തി പ്രശ്‌നബാധിത ബൂത്തുകളും സാധ്യതാ ബുത്തുകളും നിര്‍ണയിക്കാനും തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കാനുമുളള മുന്‍കരുതല്‍ നടപടികള്‍ കൈകൊളളും.
കോഴിക്കോട്, വടകര ലോക്‌സഭാ മണ്‌ഡലങ്ങളുടെ റിട്ടേണിങ്ങ് ഓഫീസറുടെ ചുമതല ജില്ലാ കലക്‌ടര്‍ക്കാണ്. ജില്ലയില്‍ ആകെയുളള 13 നിയമസഭാ മണ്‌ഡലങ്ങള്‍ മൂന്ന് ലോക്‌സഭാ മണ്‌ഡലങ്ങളുടെ പരിധിയിലാണ്. ജില്ലയിലെ തന്നെ ഏഴ് അസംബ്ലി മണ്‌ഡലങ്ങളാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്‌ഡലത്തില്‍ ഉള്‍പ്പെടുന്നത്. വടകരയുടെ പരിധിയില്‍ ജില്ലയിലെ 5 അസംബ്ലി മണ്‌ഡലങ്ങള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പും തലശ്ശേരിയും ഉള്‍പ്പെടും. ശേഷിക്കുന്ന തിരുവമ്പാടി വയനാട് മണ്‌ഡലത്തിലാണ് വരിക.








