Home » » കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ്‌വിപ്പും രാജിവയ്ക്കാന്‍ തയ്യാറെടുക്കുന്നു.

കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ്‌വിപ്പും രാജിവയ്ക്കാന്‍ തയ്യാറെടുക്കുന്നു.

Written By Unknown on Saturday, 8 March 2014 | 12:29

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തിങ്കളാഴ്ച വൈകുന്നേരത്തിനകം കരടുവിജ്ഞാപനം പുറത്തുവന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) മന്ത്രിമാരും ചീഫ്‌വിപ്പും രാജിവയ്ക്കാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍, യു.ഡി.എഫ്. വിടണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സര്‍ക്കാരിലെ പദവികളെല്ലാം രാജിവച്ച് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന കാര്യത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനം പുറത്തുവരുന്നതിലെ അനിശ്ചിതത്വമാണ് പാര്‍ട്ടിയെ കടുത്ത തീരുമാനത്തിന് നിര്‍ബന്ധിതമാക്കുന്നത്. വെള്ളിയാഴ്ച രാത്രിചേര്‍ന്ന ഉന്നതാധികാരസമിതിയോഗം എല്ലാ സാധ്യതകളും ചര്‍ച്ചചെയ്തിരുന്നു. ഏതു തീരുമാനവും കൈക്കൊള്ളാന്‍ നാലംഗ നായകസമിതിയെയും യോഗം ചുമതലപ്പെടുത്തി.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എന്നിവരാണ് നാലംഗ സമിതിയിലുള്ളത്. ഈ സമിതി ശനിയാഴ്ച കോട്ടയത്ത് യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ചയ്ക്കകം കരട്‌വിജ്ഞാപനം പുറത്തുവരാന്‍ സാധ്യത മങ്ങിയിരിക്കെ അന്തിമ തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പോടെയാണ് യോഗം പിരിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരംവരെ കാത്തിരിക്കുമെന്നും അതിനകം കരടുവിജ്ഞാപനം പുറത്തുവന്നില്ലെങ്കില്‍ ഉടന്‍ യോഗംചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും കെ.എം. മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു നാലംഗ സമിതിയെ തീരുമാനമെടുക്കാന്‍ ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനിച്ച കാര്യമോ ആ സമിതിയാണ് യോഗം ചേര്‍ന്നതെന്ന കാര്യമോ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്തു തീരുമാനമായാലും അത് പാര്‍ട്ടി ഒറ്റക്കെട്ടായി കൈക്കൊള്ളണമെന്നാണ് ഉന്നതാധികാരസമിതി യോഗത്തില്‍ ഉരുത്തിരിഞ്ഞ ധാരണ.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.