മലപ്പുറം: ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച ഹനീഷ(23)യുടെ മരണ സമയത്തു ഇവരുടെ ചുണ്ടില്‍ മുറിവുണ്ടായിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചുണ്ടില്‍ കാണപ്പെട്ട മുറിവ് എങ്ങിനെയുണ്ടായതാണെന്നു വ്യക്‌തമല്ല. ഇതു തൂങ്ങിമരിക്കുന്നതിനിടെയുണ്ടായ വെപ്രാളത്തില്‍ സ്വയം കടിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ സൂചന നല്‍കുന്നുണ്ടെങ്കിലും മറിച്ചാകാനുള്ള സാധ്യത തള്ളിക്കളയാനും ഡോക്‌ടര്‍ക്കു കഴിയുന്നില്ല.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കു പുറമെ സംഭവദിവസം അര്‍ധരാത്രിവരെ ഹനീഷയെ പോലീസ് ചോദ്യംചെയ്‌തതും കേസിലെ പോലീസിന്റെ നിഷ്‌ക്രിയത്വം വെളിവാക്കുന്നതാണ്. മോഷണക്കുറ്റത്തിനു പിടികൂടിയ ഹനീഷയെ അറസ്‌റ്റ് രേഖപ്പെടുത്താതെ അര്‍ധരാത്രിവരെ നീണ്ട ചോദ്യം ചെയ്യല്‍ നടത്തേണ്ട ആവശ്യം പോലീസിനുണ്ടായിരുന്നില്ല. ഹനീഷയോടൊപ്പം കസ്‌റ്റഡിയിലെടുത്ത കുറ്റിപ്പുറം സ്വദേശി വിപിനെതിരെ കേസെടുക്കാതെ വിട്ടയച്ചതിലും ദുരൂഹത നിലനില്‍ക്കുകയാണ്. ചോദ്യം ചെയ്യലില്‍ ഹനീഷയോടു അസഭ്യവാക്കുകള്‍ പോലീസ് ഉപയോഗിച്ചതായും ഉന്നത പോലീസുദ്യോഗസ്‌ഥര്‍ക്കു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ലോക്കല്‍പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി. തിരൂര്‍ ഡി.വൈ.എസ്.പി. ഹസൈനാരും, തിരൂര്‍ ആര്‍.ഡി.ഒ: കെ. ഗോപാലനും ഇന്നലെ അനീഷയുടെ വീട്ടിലെത്തി മാതാവില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും മൊഴിയെടുത്തു. പട്ടാമ്പി റോഡില്‍ പച്ചക്കറി കച്ചവടം നടത്തുന്ന യുവാവുമായി യുവതിക്കു ബന്ധമുണ്ടായിരുന്നുവെന്നും പല സമയങ്ങളിലായി മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ഈ യുവാവ് കൈവശപ്പെടുത്തിരുന്നതായും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
കസ്‌റ്റഡിയിലെടുത്ത വിവരം പോലീസ് അറിയിച്ചില്ലെന്നു മാതാവ് സുബൈദ തിരൂര്‍ ഡിവൈ. എസ്.പിക്ക് മൊഴി നല്‍കി. മകള്‍ക്കു ആത്മഹത്യ ചെയേ്േണ്ട സാഹചര്യമില്ലെന്നും പോലീസിന്റെ പീഡനത്താല്‍ മരണം സംഭവിച്ചതാണെന്നും മാതാവ് പറഞ്ഞു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നു പോലീസ് വ്യക്‌തമാക്കി.
അതേസമയം സ്‌റ്റേഷനിലെ എസ്.ഐ. ഹരിദാസന്‍ സസ്‌പെന്‍ഷനിലായതിനാല്‍ തിരൂര്‍ എസ്.ഐ. സുനില്‍കുമാര്‍ അടുത്ത ദിവസം ചങ്ങരംകുളത്ത് ചാര്‍ജെടുക്കാനിരിക്കുകയാണ്.

.jpg)






