പത്തനംതിട്ട: യു.ഡി.എഫ് സര്‍ക്കാർ അധികാരമേറി മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്‌ഥാനത്ത് അനുമതി നല്‍കിയത് 2146 പാറമടകള്‍ക്ക്.
ഏറ്റവും കൂടുതല്‍ പാറമടകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത് എറണാകുളത്താണ്-301 എണ്ണം. കോഴിക്കോട്ട്-260. മലപ്പുറത്ത് 247 , തിരുവനന്തപുരം-154, കൊല്ലം-81, പത്തനംതിട്ട-83, കോട്ടയം -162, ഇടുക്കി 117, തൃശൂര്‍ 199, വയനാട്-74, കണ്ണൂര്‍-199, കാസര്‍ഗോഡ്-119, പാലക്കാട് -150 എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍. അനുമതി ഇല്ലാത്തത് ആലപ്പുഴയില്‍ മാത്രം.
അനുമതി നല്‍കിയിട്ടുള്ള പുതിയ പാറമടകളില്‍ 150-ല്‍ അധികം പാറമടകളും സഹ്യമലനിരകളുടെ താഴ്‌വാരത്തില്‍ പരിസ്‌ഥിതി ദുര്‍ബല മേഖലയിലാണെന്നാണ് ആക്ഷേപം. ഇടുക്കിയില്‍ അനുവദിച്ച 117 പാറമടകളും പരിസ്‌ഥിതി ലോല മേഖലയിലാണ്. ഈ അനുമതികളില്‍ പലതും ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കുമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായി.
പാറമട ഖനനം ആരംഭിക്കണമെങ്കില്‍ പ്രധാനമായും ഏഴ് അനുമതികള്‍ വേണം. എക്‌സ്‌പ്ലോസീവ് ലൈസന്‍സിനായി ചെന്നൈയിലുള്ള കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ ലൈസന്‍സ് വേണം. ഇതിനു ജില്ലാ കലക്‌ടറുടെ അനുമതിക്കൊപ്പം ഫയര്‍ഫോഴ്‌സ്, തഹസില്‍ദാര്‍, പോലീസ് എന്നീ മൂന്ന് വകുപ്പുകളുടെ എന്‍.ഒ.സി ആവശ്യമാണ്. ഇതു പരിശോധിച്ചശേഷമാണ് കലക്‌ടര്‍ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കാമെന്നുകാട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന് കത്തുകൈമാറുന്നത്. തുടര്‍ന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി, ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ കത്ത്, തൊഴില്‍ വകുപ്പിന്റെ അനുമതി, മൈന്‍സ് സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയും വേണം. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ ഫാക്‌ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ലൈസന്‍സുകൂടി ഉണ്ടായിരിക്കണമെന്നുമാത്രം. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കില്‍ ഈ അനുമതികളൊക്കെ നിഷ്‌പ്രയാസം ലഭ്യമാകും.
കേരളത്തില്‍ ആകെയുള്ള പാറമട-ക്രഷര്‍ യൂണിറ്റുകളുടെ എണ്ണം സംബന്ധിച്ചും സര്‍ക്കാരിന്റെ പക്കല്‍ കണക്കുകള്‍ ലഭ്യമല്ല. പാറമട-ക്രഷര്‍ യൂണിറ്റുകളില്‍നിന്ന് വന്‍കിടക്കാര്‍ക്കു പ്രതിവര്‍ഷം 67,000 കോടി രൂപയുടെ വരുമാനമുണ്ടെന്നാണു കണക്ക്. ഇതിന്റെ 12 ശതമാനം നികുതി പോലും 7,000 കോടി രൂപയോളം വരും.
എന്നാല്‍ അതു വേണ്ടന്നുവച്ച് പ്രതിവര്‍ഷം 100 കോടി രൂപ കോമ്പൗണ്ട് ടാക്‌സ് ഈടാക്കി വന്‍കിടക്കാരെ സഹായിക്കാനാണ് ഇതുവരെയുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുള്ളത്.







