Home » » ഗണേശ് കുമാറിനെ വീണ്ടും മന്ത്രിസഭയിലെടുക്കാൻ നീക്കം.

ഗണേശ് കുമാറിനെ വീണ്ടും മന്ത്രിസഭയിലെടുക്കാൻ നീക്കം.

Written By Unknown on Monday, 14 April 2014 | 19:47

തിരുവനന്തപുരം: കെ.ബി. ഗണേശ് കുമാറിനെ വീണ്ടും മന്ത്രിസഭയിലെടുക്കാൻ നീക്കം. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന മന്ത്രിസഭാ അഴിച്ചുപണിയിൽ ഗണേശിനെ ഉൾപ്പെടുത്താനാണ് ആലോചന. ഇപ്പോൾ മന്ത്രിസഭയിൽ ഇരുപത് അംഗങ്ങളാണുള്ളത്. ഇത് പരമാവധിയാണ്. ഗണേശിനെ ഉൾപ്പെടുത്തണമെങ്കിൽ ഒരു മന്ത്രിയെ രാജിവയ്​പിക്കേണ്ടി വരും. ഐ ഗ്രൂപ്പിലെ ഏതെങ്കിലും ഒരു മന്ത്രിയെ ഒഴിവാക്കി ആ സ്ഥാനത്ത് ഗണേശിനെ കൊണ്ടു വരികയോ അല്ലെങ്കിൽ വിപുലമായ മന്ത്രിസഭാ പുനഃസംഘടന നടത്തുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

രമേശ് ചെന്നിത്തലയെ മന്ത്രിയാക്കിയതോടെ  മന്ത്രിസഭയിലെ എ - ഐ സന്തുലിതാവസ്ഥ തകിടം മറിഞ്ഞെന്ന് എ ഗ്രൂപ്പിന് പരാതിയുണ്ട്.  മുഖ്യമന്ത്രിയെക്കൂടാതെ എ ഗ്രൂപ്പിന് നാലു മന്ത്രിമാരുള്ളപ്പോൾ ഐ ഗ്രൂപ്പിന് അഞ്ചു മന്ത്രിമാരുണ്ട്. മാത്രമല്ല, ആഭ്യന്തരവും റവന്യൂവും ഉൾപ്പെടെ പ്രധാന വകുപ്പുകളെല്ലാം ഐ ഗ്രൂപ്പിന്റെ പക്കലാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് പുനഃസംഘടനയിൽ മുഖ്യമന്ത്രി ലക്ഷ്യംവയ്​ക്കുന്നത്. അതിനിടയിൽ ഗണേശിനെ മന്ത്രിയാക്കുകയും വേണം. ഗണേശിനെതിരായ കേസുകൾ അവസാനിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് മന്ത്രി സ്ഥാനം മടക്കിനൽകണമെന്ന നിലപാടിലാണ്  മുഖ്യമന്ത്രി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ഏതായാലും മുഖ്യമന്ത്രിയുടെ രണ്ടു നീക്കവും കോൺഗ്രസിലും യു.ഡി.എഫിലും വൻ സ്​ഫോടനം സൃഷ്​ടിക്കാൻ ശേഷിയുള്ളവയാണ്.
വിപുലമായ മന്ത്രിസഭാ പുനഃസംഘടനയുണ്ടായാൽ രണ്ടു പക്ഷത്തുമുള്ള കോൺഗ്രസ് മന്ത്രിമാരിൽ കുറച്ചു പേരെ മാറ്റുമെന്നും കേൾക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ച് പുതിയ ഒരു ടീമിനെ അവതരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചേക്കും. ഗണേശിനെ ഉൾപ്പെടുത്താൻ ഒരു കോൺഗ്രസ് മന്ത്രിയെ ബലികൊടുത്തു എന്ന ആക്ഷേപവും അങ്ങനെയെങ്കിൽ ഒഴിവാകും. ആർ.എസ്.പി കൂടി യു.ഡി.എഫിൽ വന്നതോടെ നേരിയ ഭൂരിപക്ഷം കാരണമുള്ള സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ ശാഠ്യങ്ങൾക്കെല്ലാം പഴയതു പോലെ വഴങ്ങിക്കൊടുക്കേണ്ട അവസ്ഥ ഇല്ലാതായിരിക്കുന്നു.  മാത്രമല്ല ഘടകകക്ഷികളുടെ വകുപ്പുകളിൽ മുഖ്യമന്ത്രിക്ക് കൂടുതൽ പിടിമുറുക്കാൻ ഇത് പ്രാപ്തി നൽകുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.