കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കപടവാഗ്ദാനം നടത്തിയെന്നാരോപിച്ചാണ് അതിവേഗ റെയില്‍ വിരുദ്ധ സമരസമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
അതിവേഗ റെയില്‍പാത ഉപേക്ഷിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്തുരുത്തിയില്‍ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചപ്പോള്‍ പ്രഖ്യാപിച്ചിരുന്നു. വോട്ട് ബഹിഷ്‌കരിക്കാന്‍ തയ്യാറായി നിന്ന ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് തീരുമാനം മാറ്റിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് വ്യക്തമായതായി സമരസമിതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കപട വാഗ്ദാനം ചെയ്തതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.
അതിവേഗ റെയില്‍പാത വന്നാല്‍ തിരുവനന്തപുരത്തു നിന്നും സംസ്ഥാനത്തിന്റെ വടക്കേയറ്റമായ കാസര്‍കോട്ടെത്താന്‍ കേവലം 142 മിനിറ്റ് മതിയെന്നാണ് പദ്ധതിയുടെ മേന്മയായി എടുത്തു കാട്ടുന്നത്. ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തിലെ സാധ്യതാ പഠനത്തിന് ശേഷം പാതയ്ക്കായി അടയാളപ്പെടുത്തലും കഴിഞ്ഞിട്ടുണ്ട്. ഇതിനായി കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നത്.








