Home » » മാതൃഭാഷ സര്‍ക്കാര്‍ അടിച്ചേല്‍പിക്കേണ്ട സുപ്രീം കോടതി.

മാതൃഭാഷ സര്‍ക്കാര്‍ അടിച്ചേല്‍പിക്കേണ്ട സുപ്രീം കോടതി.

Written By Unknown on Tuesday, 6 May 2014 | 19:18


ന്യൂഡല്‍ഹി: കുട്ടികള്‍ക്കു സൗകര്യപ്രദമായ ഭാഷ മാതൃഭാഷയാണെന്നു തീരുമാനിക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ അധികാരമില്ലെന്നു സുപ്രീം കോടതി. ഭാഷാന്യൂനപക്ഷങ്ങളുടെ മാതൃഭാഷ തീരുമാനിക്കേണ്ടതു മാതാപിതാക്കളാണെന്നും സര്‍ക്കാരല്ലെന്നും കോടതി വ്യക്‌തമാക്കി. മാതൃഭാഷയില്‍ പഠിക്കുന്നതാണു കുട്ടികള്‍ക്ക്‌ എളുപ്പമെങ്കില്‍ അതു തെരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കണം. ഇതിലൊന്നും സര്‍ക്കാര്‍ കൈകടത്തേണ്ടതില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വ്യക്‌തമാക്കി.

പ്രൈമറി തലത്തില്‍ കന്നഡപഠനം നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന്‌ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. ഭാഷാന്യൂനപക്ഷങ്ങള്‍ക്കുമേല്‍ പ്രത്യേക ഭാഷാപഠനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ അധികാരമില്ല. അവരുടെ കുട്ടികള്‍ക്കു പ്രൈമറി തലത്തില്‍ മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ചെയ്‌തു കൊടുക്കുകയാണു സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രൈമറി തലത്തില്‍ പഠനമാധ്യമമായി മാതൃഭാഷയോ പ്രാദേശികമായ മറ്റേതെങ്കിലും ഭാഷയോ തെരഞ്ഞെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ അധികാരമുണ്ടോയെന്ന കാര്യമാണു കോടതി പ്രധാനമായും പരിശോധിച്ചത്‌. ഏതു ഭാഷയില്‍ പഠിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും ഭരണഘടന നല്‍കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ട്‌. അതു സര്‍ക്കാര്‍ തീരുമാനിക്കുന്നതു ഭരണഘടനാവിരുദ്ധമാണ്‌. ഭരണഘടനയുടെ 350 (എ) പ്രകാരം പ്രൈമറി തലത്തില്‍ മാതൃഭാഷ അധ്യയനഭാഷയാക്കണമെന്ന ബാധ്യത സംസ്‌ഥാനസര്‍ക്കാരുകള്‍ക്കുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.