ന്യൂഡല്‍ഹി: വിദ്യാഭ്യാസ-സാമൂഹികമേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 25% സംവരണം അനുവദിക്കുന്ന വിദ്യാഭ്യാസാവകാശനിയമം ന്യൂനപക്ഷ എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌ഥാപനങ്ങള്‍ക്കു ബാധകമല്ലെന്നു സുപ്രീം കോടതി. ഭരണഘടനയുടെ 30 (1) വകുപ്പുപ്രകാരം വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്തിപ്പിനും ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഈ സ്‌ഥാപനങ്ങളില്‍ മറ്റു വിഭാഗക്കാരായ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക വഴി അവയുടെ ന്യൂനപക്ഷസ്വഭാവം ഇല്ലാതാക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
എന്നാല്‍ സ്വകാര്യ എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌ഥാപനങ്ങളില്‍ 25% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസാവകാശനിയമം നിലനില്‍ക്കുമെന്നും ചീഫ് ജസ്‌റ്റിസ് ആര്‍.എം ലോധ, ജസ്‌റ്റിസുമാരായ എ.കെ. പട്‌നായിക്, ദീപക് മിശ്ര, എസ്.ജെ മുഖോപാധ്യായ, ഇബ്രാഹില്‍ ഖലീഫുള്ള എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
6-14 പ്രായക്കാര്‍ക്കു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസാവകാശനിയമം ചോദ്യംചെയ്‌തു സ്വകാര്യ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണുസുപ്രധാനവിധി.
നിയമത്തിനു ഭരണഘടനാസാധുതയുണ്ടെന്നു കോടതി വ്യക്‌തമാക്കി. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ 21(എ) വകുപ്പും പിന്നാക്കവിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്കു പ്രവേശനം ഉറപ്പാക്കുന്നതിനുള്ള 15(5) വകുപ്പും നിലനില്‍ക്കും.ഇതു ന്യൂനപക്ഷങ്ങളുടേത് ഒഴിച്ചുള്ള എല്ലാ സ്വകാര്യ എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. ഭരണഘടന അനുവദിച്ച പ്രത്യേകാവകാശങ്ങളില്‍ ഇതും ഉള്‍പ്പെടും.
വിദ്യാഭ്യാസാവകാശ നിയമത്തില്‍, വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ഉറപ്പാക്കാനുള്ള 15(5) വകുപ്പില്‍നിന്നു ന്യൂനപക്ഷസ്‌ഥാപനങ്ങളെ ഒഴിവാക്കിയതില്‍ പിഴവില്ലെന്നു വിധിന്യായത്തില്‍ പറയുന്നു. ഈ സ്‌ഥാപനങ്ങളുടെ ന്യൂനപക്ഷസ്വഭാവം നഷ്‌ടപ്പെടുത്തരുതെന്നു ടി.എം.ഐ. പൈ കേസിലടക്കം സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. പിന്നാക്കവിഭാഗങ്ങള്‍ക്കു സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം നല്‍കണമെന്നു ന്യൂനപക്ഷസ്‌ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.
ഭരണഘടനയുടെ 30(1) പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസസ്‌ഥാപനങ്ങളെ പ്രത്യേകവിഭാഗമായി കാണുന്നതിനാല്‍ അതു 14-ാം വകുപ്പിന്റെ ലംഘനമായി കാണാന്‍ കഴിയില്ല.
ഭരണഘടനയുടെ 21 (എ) വകുപ്പിന്റെ അടിസ്‌ഥാനത്തിലാണു പാര്‍ലമെന്റ് വിദ്യാഭ്യാസാവകാശനിയമം പാസാക്കിയത്. ഇതില്‍ 12 (1) സി വകുപ്പുപ്രകാരം പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങളില്‍നിന്നു സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കു ന്യൂനപക്ഷസ്‌ഥാപനങ്ങള്‍ ഒഴിച്ചുള്ള എയ്‌ഡഡ്, അണ്‍-എയ്‌ഡഡ് വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ 25% സീറ്റ് നല്‍കണമെന്നു നിയമത്തില്‍ പറയുന്നു. ഇതിനെ ചോദ്യംചെയ്‌തു സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ 19(1) ജി വകുപ്പുപ്രകാരം ഏതു തൊഴിലും ബിസിനസും നടത്താനുള്ള അവകാശത്തെയാണു നിയമം ഹനിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ യാതൊരു സഹായവും കൂടാതെ പ്രവര്‍ത്തിക്കുന്ന അണ്‍-എയ്‌ഡഡ് സ്‌ഥാപനങ്ങളില്‍ 25% സീറ്റ് നീക്കിവയ്‌ക്കാന്‍ പറയുന്നതും ഭരണഘടനാവിരുദ്ധമാണ്. അതിനാല്‍ 21(എ) പ്രകാരവും 15(5) പ്രകാരവും കൊണ്ടുവന്ന രണ്ടു വകുപ്പുകളും റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യമാണു കോടതി പരിഗണിച്ചത്. 2010-ല്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ടു.
എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌ഥാപനങ്ങളില്‍ 25% സീറ്റ് നിര്‍ബന്ധമാക്കുന്നതു ഭരണഘടനാലംഘനമല്ലെന്നു കോടതി വ്യക്‌തമാക്കി. ഇത്തരത്തില്‍ മാറ്റിവയ്‌ക്കുന്ന സീറ്റുകള്‍ക്ക് ആനുപാതികമായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നു വ്യക്‌തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഫീസോ അല്ലെങ്കില്‍ സര്‍ക്കാര്‍സ്‌കൂളില്‍ ഒരു കുട്ടിക്കായി ചെലവഴിക്കുന്ന തുകയോ ഏതാണു കുറവ്, അതിനു തുല്യമായ തുക നല്‍കുമെന്നു വ്യക്‌തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ 25% സീറ്റ് മാറ്റിവയ്‌ക്കുന്നതില്‍ തെറ്റില്ല. പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടു വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ സര്‍ക്കാരിന് ഇടപെടാമെന്ന വ്യവസ്‌ഥയോടെ 15(5) വകുപ്പ് ഉള്‍പ്പെടുത്തിയതിനെയും കോടതി ശരിവച്ചു.
അതേസമയം, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷസ്‌ഥാപനങ്ങള്‍ അവശവിഭാഗങ്ങള്‍ക്കായി ചെറിയൊരു ശതമാനം സീറ്റ് മാറ്റിവയ്‌ക്കുന്നത് ഉചിതമായേക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സംവരണം വഴി വിദ്യാഭ്യാസനിലവാരം തകരില്ലെന്നു നിരീക്ഷിച്ച കോടതി, സ്‌ഥാപനങ്ങളും സര്‍ക്കാരുകളും കൂടിയാലോചിച്ച് ഇക്കാര്യങ്ങള്‍ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.








