ആലപ്പുഴ: കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് വാക്‌പ്പോര് രൂക്ഷം. വി എം
സുധീരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ രംഗത്തെത്തിയതോടെ ബാര്‍ ലൈസന്‍സ് വിഷയത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുകയാണ്. കത്ത് ചോര്‍ത്തിയത് ഷാനിമോള്‍ ഉസ്മാനാണെന്ന് പറഞ്ഞ എ എ ഷുക്കൂര്‍ ഷാനിമോള്‍ ഉസ്മാന് പിന്നില്‍ മദ്യലോബിയാണെന്നും ആരോപിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെപിസിസി യോഗത്തില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ച് ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയതോടെ തുടങ്ങിയ പ്രതിസന്ധി പുതിയ മാനങ്ങള്‍ തേടുകയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സുധീരനെതിരെ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെ പരസ്യമായി ശാസിച്ചുകൊണ്ട് വി എം സുധീരന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി രൂപംകൊണ്ടത്. പാര്‍ട്ടിയേയും സര്‍ക്കാരിനെയും പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് സുധീരനെന്ന് ആരോപിച്ച ഷാനിമോള്‍ അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളോങ്ങുന്നത് ശരിയല്ലെന്നും വെളിപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാലിനെതിരെയുള്ള ആരോപണം വഴിമാറി വി എം സുധീരന്‍- ഷാനിമോള്‍ ഉസ്മാന്‍ വാക്‌പോരായി മാറി. ഷാനിമോള്‍ ഉസ്മാന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വിഎം സുധീരന്‍ രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതു മുതല്‍ അവര്‍ തന്നെ വിമര്‍ശിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ ആളാണോയെന്ന് സംശയമുണ്ടെന്നും സുധീരന്‍ ആരോപിച്ചിരുന്നു. അതേസമയം മദ്യലോബിയുമായി ബന്ധമുണ്ടെന്ന ആരോപണം സുധീരന്‍ തെളിയിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന പ്രസ്താവനയാണ് സുധീരന്റേതെന്നും ഷാനിമോള്‍ പറഞ്ഞു. ഷാനിമോള്‍ മദ്യലോബിയുടെ കൈയ്യിലെ കളിപ്പാവയായോ എന്ന വി എം സുധീരന്റെ ആരോപണത്തിന് പിന്നാലെ അതേ ആരോപണം ഉന്നയിച്ചുകൊണ്ട് എ എ ഷുക്കൂര്‍ രംഗത്തെത്തിയത് പാര്‍ട്ടിയിലെ പ്രതിസന്ധി രൂക്ഷമാക്കും.








