കേന്ദ്രമന്ത്രി കെസി വേണുഗോപാലിനെതിരെ വെളിപ്പെടുത്തലുമായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണന്‍ രംഗത്തെത്തി. വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ച കാര്യങ്ങള്‍ എല്ലാം സത്യമാണെന്നും വേണുഗോപാലിനെതിരെ നിയമപരമായി നീങ്ങാന്‍ ഷാനിമോള്‍ തയ്യാറാണെങ്കില്‍ ആവശ്യമായ എല്ലാ തെളിവുകളും നല്‍കാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി കെസി വേണുഗോപാലിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ഷാനിമോള്‍ പാര്‍ട്ടിക്കുള്ളീല്‍ ഉന്നയിച്ചത്. ഇത് സത്യമാണെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.
ഈ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി പാര്‍ട്ടി കമ്മീഷനെ നിയോഗിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടതിന് കെപിസിസി ഷാനിമോളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഈ താക്കീതിനെതിരെയും ഷാനിമോള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. സരിത എസ് നായര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് എംഎല്‍എ മാധവനാണെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞു. അവ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.








