നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. ചീഫ് സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്റെ പ്രതികരണം. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഒരു സ്വത്തും ഇല്ലെന്നും കമ്പനിയുടെ കയ്യില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ ഭൂമി തിരിച്ചുപിടിക്കുമെന്നും സഭയില്‍ ഉറപ്പ് മല്‍കി. എന്നാല്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും പാറ്റൂര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര കാര്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. ചീഫ് സെക്രട്ടറിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ചീഫ് സെക്രട്ടറിക്ക് കൊച്ചിയില്‍ മാത്രം 5 കോടി രൂപയുടെ ഫ്ലാറ്റ് ഉണ്ടെന്നും ചീഫ് സെക്രട്ടറി തെറ്റായ സ്വത്ത് വിവരം നല്‍കിയ രേഖകള്‍ സഭയില്‍ വെക്കാന്‍ അനുവദിക്കണമെന്നും വിഎസ് സഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച സബ്മിഷന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. മന്ത്രിമാരെ ബൈപാസ് ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ചീഫ് സെക്രട്ടറി കമ്പനിക്ക് ഒത്താശ ചെയ്തുവെന്ന് നേരത്തെ വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. കോടികള്‍ വിലമതിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ ഭൂമി മുംബൈ ആസ്ഥാനമായ കമ്പനി കയ്യേറിയെന്നായിരുന്നു വിഎസിന്റെ ആരോപണം. വാര്‍ഷിക വസ്‌തുവിവര പട്ടികയില്‍ ചീഫ് സെക്രട്ടറി കൃത്രിമം കാണിച്ചെന്നും വിഎസിന്റെ ആരോപണത്തിലുണ്ട്.








