തിരുവനന്തപുരം; സംസ്‌ഥാനത്ത് സ്വകാര്യ ഫാസ്‌റ്റ് സൂപ്പര്‍ ഫാസ്‌റ്റ് സര്‍വീസുകള്‍ക്ക് ഇനി പെര്‍മിറ്റ് പുതുക്കി നല്‍കില്ല. പകരം ദീര്‍ഘദൂര പാതകളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കും. ദീര്‍ഘ ദൂര സര്‍വീസുകളായ ഫാസ്‌റ്റ് പാസഞ്ചര്‍ മുതല്‍ ഡീലക്‌സ് എക്‌സ്‌പ്രസ് വരെയുള്ള സൂപ്പര്‍ ക്‌ളാസ് ശ്രേണി കോര്‍പറേഷനു മാത്രമായി നിജപ്പെടുത്തി 2013ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് കോടതികള്‍ ശരിവച്ച സാഹചര്യത്തിലാണ് നടപടി.
208 ഫാസ്‌റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ 241 സ്വകാര്യ ബസുകള്‍ക്കാണ് ഈ ശ്രേണിയില്‍ പെര്‍മിറ്റുള്ളത്. കഴിഞ്ഞ ആഴ്‌ച പെര്‍മിറ്റ് അവസാനിച്ച 38 സ്വകാര്യ ഫാസ്‌റ്റ് സൂപ്പര്‍ ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് പകരം ഇതേ റൂട്ടുകളില്‍ 38 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു.
ചരിത്രത്തില്‍ ആദ്യമായാണു സ്വകാര്യ ബസുകള്‍ക്ക് പകരം കോര്‍പറേഷന്റെ ബസുകള്‍ പെര്‍മിറ്റ് വാങ്ങി നിരത്തിലിറക്കുന്നത്. പെര്‍മിറ്റ് അവസാനിച്ച മറ്റ് 60 സ്വകാര്യ ബസുകള്‍ക്ക് പകരം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സജ്‌ജമാക്കിയെങ്കിലും കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ ഇത്തരം 25 സ്വകാര്യ ഫാസ്‌റ്റ്- സൂപ്പര്‍ ഫാസ്‌റ്റ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയ ആര്‍.ടി.എമാരുടെ നടപടി വിവാദമായിട്ടുണ്ട്. ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരേ കോര്‍പറേഷന്‍ അധികൃതര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കി.
ദേശസാല്‍ക്കരണ പാതകളില്‍ പുതിയ പെര്‍മിറ്റുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ലഭ്യത പരിഗണിച്ച ശേഷമാണു സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. പകരം ബസുകള്‍ നിരത്തില്‍ ഇറക്കാന്‍ ഇല്ലാത്തതിനാല്‍ കോര്‍പറേഷന്‍ എതിര്‍ക്കാത്തതോടെ സ്വകാര്യ ബസുകള്‍ പെര്‍മിറ്റുകള്‍ കരസ്‌ഥമാക്കുന്നു. ആര്‍.ടി.എമാരെ സ്വാധീനിച്ചാണിത്.
ഇടക്കാലത്ത് ഫാസ്‌റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ നേടിയ നിരവധി സ്വകാര്യ ബസുകള്‍ വീണ്ടും ലിമിറ്റഡ് സ്‌റ്റോപ്പുകളും ഓര്‍ഡിനറി സര്‍വീസുകളുമായി മാറുന്നതിന്റെ ഭാരം യാത്രക്കാര്‍ വഹിക്കണം. കെസ്.ആര്‍.ടി.സിക്ക് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവിന്റെയും കോടതി വിധികളുടെയും പശ്‌ചാത്തലത്തില്‍ ദീര്‍ഘദൂര സര്‍വീസുകളിലെ കുത്തക തിരികെ പിടിക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
140 കിലോമീറ്ററിന് മുകളിലുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയതിനാല്‍ മധ്യ കേരളത്തില്‍ നിന്നു മലബാറിലെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന സ്വകാര്യ ബസ് കമ്പനികളുടെ നൈറ്റ് സര്‍വീസുകള്‍ പൂര്‍ണമായും നിലയ്‌ക്കും. രാത്രികാല മലബാര്‍ സര്‍വീസുകള്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനോടകം പെര്‍മിറ്റ് അവസാനിച്ച മലബാര്‍ സര്‍വീസുകള്‍ക്ക് പകരം ഇതേ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ഡീലക്‌സ് സര്‍വീസുകള്‍ ആരംഭിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഓപ്പറേഷന്‍സ് ഷെറഫുദീന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് സൂപ്പര്‍ ക്‌ളാസ് സര്‍വീസുകള്‍ക്കായി ബസുകള്‍ ക്രമീകരിക്കുന്നത്. നിലവില്‍ നഷ്‌ടത്തിലോടുന്ന സര്‍വീസുകള്‍ കണ്ടെത്തിയതിന് ശേഷം സൂപ്പര്‍ക്ല ാസ് ശ്രേണിയില്‍ ലഭ്യമാകുന്ന പെര്‍മിറ്റുകളിലേക്ക് ബസ് അയയ്‌ക്കുന്നു.








