കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ആശുപത്രിയില്‍ ഡോക്‌ടറുടെ സഹായി. കെ.സി. രാമചന്ദ്രന്‍ അസിസ്‌റ്റന്റ് ലൈബ്രേറിയനും. ഇരുവരും ജയിലില്‍ വന്‍ മാറ്റത്തിനു തുടക്കമിടുന്ന പ്രവര്‍ത്തനത്തിന്റെ കണ്ണികളുമാണ്.
സംസ്‌ഥാനത്തെ ജയിലുകളില്‍ 17 മുതല്‍ സമ്പൂര്‍ണ പുകവലി നിരോധനം നടപ്പാക്കുകയാണ്. ഇതിനു മുന്നോടിയായി തടവുകാരെ ബോധവല്‍ക്കരിച്ചും ഗുണദോഷിച്ചും ശ്രമം നടത്തുകയാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരും ഒരു പറ്റം തടവുകാരും. ഈ പ്രവര്‍ത്തനത്തിന്റെ മുന്‍പന്തിയിലാണു കുഞ്ഞനന്തനും രാമചന്ദ്രനും. സംസ്‌ഥാനത്തെ ജയിലുകളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാരുള്ളതു കണ്ണൂരിലാണ്.
പൂര്‍ണമായും പുകവലി നിരോധനം വന്നാല്‍ ചില തടവുകാര്‍ അസ്വാസ്‌ഥ്യം പ്രകടിപ്പിക്കാനുള്ള സാധ്യത അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അസ്വാസ്‌ഥ്യം പ്രകടിപ്പിക്കുന്ന മറ്റു ജയിലിലെ തടവുകാരെയും ആശുപത്രി സൗകര്യമുള്ള സെന്‍ട്രല്‍ ജയിലുകളിലേക്കു മാറ്റേണ്ടി വരും. ഇതിനുള്ള ഒരുക്കങ്ങള്‍ ജയില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡോക്‌ടറുടെ സഹായിയായ കുഞ്ഞനന്തനു പിടിപ്പതു പണിയുണ്ടാകും. ടി.പി. വധക്കേസിലെ പങ്കിനെത്തുടര്‍ന്നു സി.പി.എം. നടപടിയെടുത്ത കുന്നുമ്മക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍ സെന്‍ട്രല്‍ ജയിലില്‍ ലൈബ്രേറിയന്റെ സഹായിയാണ്. പുകവലിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ രാമചന്ദ്രന്‍ മുന്നിലുണ്ട്.
ജയില്‍ ഡി.ജി.പി: ടി.പി. സെന്‍ കുമാറിന്റെ ഉത്തരവിനെത്തുടര്‍ന്നു കഴിഞ്ഞ മാസം മുതല്‍ ജയിലുകളില്‍ പുകവലി കുറച്ചുകൊണ്ടു വന്നിരുന്നു. ജയില്‍ കാന്റീന്‍ വഴി നല്‍കിവരുന്ന ബീഡിയുടെ എണ്ണം കുറക്കുകയാണ് ആദ്യം ചെയ്‌തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം മാസം മൂന്നു ലക്ഷം ബീഡി വില്‍പനയാണു നടന്നിരുന്നത്. ഇതാണു 17 മുതല്‍ പൂര്‍ണമായും നില്‍ക്കുക.








