കൊച്ചി: സോളാര്‍ കേസില്‍സമരം ചെയ്‌തവരാരും കമ്മിഷനു മുമ്പില്‍ വിവരങ്ങള്‍ നല്‍കാന്‍ എത്തിയില്ല. ഭരണപക്ഷത്താരും പ്രതികരിച്ചിട്ടുമില്ല. ആരോപണവിധേയരും ആരോപണം ഉന്നയിച്ചവരും ഒരേപോലെ കമ്മിഷനെ അവഗണിച്ചതോടെ പാഴാകുന്നതു ലക്ഷങ്ങള്‍. കമ്മിഷനെ നിയോഗിച്ച മുഖ്യമന്ത്രിയും കമ്മിഷനുവേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ കമ്മിഷനോട് സഹകരിച്ചില്ല. അതേസമയം ഇതിനകം കമ്മിഷന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാരിനു ചെലവായത് 35 ലക്ഷം!
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ രാപ്പകല്‍ സമരത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. സിറ്റിംഗ് ജഡ്‌ജിയെ ലഭിക്കാത്തതിനെ തുടര്‍ന്ന് റിട്ട. ജസ്‌റ്റിസ് ജി. ശിവരാജനെ ചെയര്‍മാനാക്കി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആറു മാസത്തേക്കായിരുന്നു നിയമനം. പിന്നീട് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്കു നീട്ടിനല്‍കി. സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറും ഒഴികെ 139 എം.എല്‍.എമാര്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും സാമുദായിക സംഘടനകള്‍ക്കും കമ്മിഷന്‍ കത്തയച്ചു. എന്നാല്‍ പ്രതികരിച്ചതു നാമമാത്രം നേതാക്കള്‍.
സോളാര്‍ തട്ടിപ്പ്, അനുബന്ധ സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് നിയമസഭയിലും പുറത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളില്‍ എന്തെങ്കിലും അടിസ്‌ഥാനമുണ്ടോയെന്നായിരുന്നു പ്രധാന ചോദ്യം. മറുപടി നല്‍കാനുള്ള അവസാന ദിവസം ജൂണ്‍ 30 ന് അവസാനിച്ചിരിക്കെ മോന്‍സ് ജോസഫ് എം.എല്‍.എ മാത്രമാണു മറുപടി നല്‍കിയത്. ഇടപാടിനെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നാണ് കത്തില്‍ വ്യക്‌തമാക്കിയത്. കമ്മിഷന്റെ കത്തിനോടു പ്രതികരിച്ച ഏക മന്ത്രിയായ കെ.എം. മാണിയും സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു സാമ്പത്തിക നഷ്‌ടമുണ്ടായതായി അറിയില്ലെന്നു പ്രതികരിച്ച് ഒഴിഞ്ഞുമാറി.
രാഷ്‌ട്രീയക്കാരില്‍ ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മാത്രമാണു കമ്മിഷന്റെ കത്തിനോടു പ്രതികരിച്ച് മറുപടി നല്‍കിയത്. സി.ദിവാകരന്‍ എം.എല്‍.എയാകട്ടെ, കമ്മിഷന്‍ എം.എല്‍.എമാര്‍ക്കു കത്തയച്ചത് തന്നെ നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് മറുപടി നല്‍കിയത്.
എം.പി. വീരേന്ദ്രകുമാറാകട്ടെ, സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും അതേക്കുറിച്ച് കേട്ടിട്ടില്ലെന്നുമുള്ള മട്ടിലാണു മറുപടി നല്‍കിയത്.
കമ്മിഷനെ നിയമിച്ച മുഖ്യമന്ത്രി ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും കമ്മിഷനോട് പിന്നീട് പ്രതികരിച്ചില്ല. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ കത്തു കിട്ടിയതായി ഭാവിച്ചുപോലുമില്ല. സി.പി.എം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് സംസ്‌ഥാന നേതൃത്വം നിലപാട് സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രതികരണത്തിനില്ലെന്നു പിന്നീട് കമ്മിഷനെ അറിയിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സഭയിലും പുറത്തും വിവാദങ്ങള്‍ സൃഷ്‌ടിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളൊന്നും തന്നെ കമ്മിഷനോട് പ്രതികരിച്ചില്ല. ആരോപണ വിധേയരായ എം.എല്‍.എമാരും എം.പിമാരും നിരവധിയെങ്കിലും കമ്മിഷന്റെ കത്ത് കാണാത്തമട്ടില്‍ ഒഴിഞ്ഞുമാറി. പിന്നാക്ക അവകാശ കമ്മിഷനായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിയോഗിച്ച അതേ ജഡ്‌ജിയെയാണ് സോളാര്‍ അന്വേഷണ കമ്മിഷനായി നിയോഗിച്ചതെന്നതിനാല്‍ കമ്മിഷന്റെ വിശ്വാസ്യതയെ പ്രതിപക്ഷം ചോദ്യംചെയ്യുന്നതില്‍ ന്യായമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
കേസിലെ പ്രതികളായ സരിത, ബിജു, ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് തുടങ്ങിയവര്‍ കമ്മിഷന് മുമ്പില്‍ മൊഴി നല്‍കി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും മൂന്ന് എന്‍.ജി.ഒകളും കേസില്‍ കക്ഷി ചേരാന്‍ അനുവാദം തേടിയിട്ടുണ്ട്. ഇവരുടെ ഹര്‍ജി നാളെ പരിഗണിക്കും. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്‌ടമുണ്ടായിട്ടുണ്ടോയെന്നും തെറ്റായ വാഗ്‌ദാനം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന കമ്പനികളെ എങ്ങനെ തടയാമെന്നതുമടക്കമുള്ള ആറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കമ്മിഷന്‍ പ്രധാനമായും തേടിയത്. കമ്മിഷന്റെ കേസ് അന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പു സമയത്ത് സി.ഐയെ പൊന്‍കുന്നത്തേക്ക് സ്‌ഥലം മാറ്റിയിരിക്കുകയാണ്. അടുത്ത ഘട്ടത്തിന് തുക ആവശ്യപ്പെട്ട് സര്‍ക്കാരിലേക്കു കത്തയക്കാനുള്ള തയാറെടുപ്പിലാണു കമ്മിഷന്‍.








