കോട്ടയം: സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാമെന്ന ഭീഷണി കലര്‍ന്ന വാഗ്‌ദാനത്തോടെ തീവ്രവാദികള്‍, തീവ്രവാദികളുടെ വാഹനത്തില്‍ കയറിയാല്‍ വെടിയുതിര്‍ക്കുമെന്നു സൈന്യം. ഇറാഖിലെ തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ ഇന്നലെ പകല്‍ തള്ളിനീക്കിയതു തീ തിന്ന്. നഴ്‌സുമാര്‍ മടങ്ങിയാലും ഇല്ലെങ്കിലും ആശുപത്രി കെട്ടിടത്തില്‍ ബോംബിടുമെന്ന് ഐ.എസ്.ഐ.എല്‍. തീവ്രവാദികള്‍ ഭീഷണി മുഴക്കി.
ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ആശുപത്രിയിലെത്തിയ തീവ്രവാദികള്‍ അവരുടെ വാഹനങ്ങളില്‍ കയറാന്‍ നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും ഓരോ വാഹനം എന്നു പറഞ്ഞു രണ്ടു ബസുകളാണ് എത്തിച്ചത്. സുരക്ഷിത സ്‌ഥാനത്തേക്കു മാറ്റാമെന്നും ആശുപത്രിയില്‍നിന്നു മടങ്ങിയാലും ഇല്ലെങ്കിലും രാത്രി ആശുപത്രി കെട്ടിടത്തിനു നേരെ ബോംബ് വര്‍ഷമുണ്ടാകുമെന്നുമായിരുന്നു ഭീഷണി. തീവ്രവാദികള്‍ പറയുന്നത് അനുസരിക്കണോ എന്നറിയാന്‍ നഴ്‌സുമാര്‍ ഇന്ത്യന്‍ സ്‌ഥാനപതി കാര്യാലയത്തിലുള്ളവരുമായും റെഡ്‌ക്രസന്റ് അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്‌ഥാനപതിയെ വിളിച്ചു തീവ്രവാദി നേതാവുമായി സംസാരിക്കാന്‍ കൊടുത്തെങ്കിലും സ്‌ഥാനപതി ഫോണ്‍ കട്ടു ചെയ്യുകയായിരുന്നുവെന്നും നഴ്‌സുമാര്‍ പറയുന്നു.
ഈ ശ്രമം വിഫലമായതോടെ നഴ്‌സുമാര്‍ ഇറാഖി സൈനികരുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു കാരണവശാലും തീവ്രവാദികളുടെ വാഹനത്തില്‍ കയറരുതെന്നും തീവ്രവാദികളുടെ വാഹനം കണ്ടാല്‍ വെടിവയ്‌ക്കുമെന്നുമായിരുന്നു സൈന്യത്തിന്റെ മറുപടി. ഇതോടെ, നഴ്‌സുമാര്‍ അങ്കലാപ്പിലായി. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ് മടങ്ങിയ തീവ്രവാദികള്‍ ഏതുനിമിഷവും തിരിച്ചെത്താമെന്നും ഭീഷണിയും മുഴക്കി.
തിങ്കളാഴ്‌ച രാത്രി ആശുപത്രിക്കു സമീപം ബോംബ് സ്‌ഫോടന പരമ്പരയുണ്ടാകുകയും നിരവധി വീടുകളില്‍ അഗ്നിബാധയുണ്ടാകുകയും ചെയ്‌തിരുന്നു. തീ ആശുപത്രി കെട്ടിടത്തിലേക്കും പടരുമെന്ന ഭീതിയില്‍ 47 നഴ്‌സുമാരും ഒരു പോള കണ്ണടയ്‌ക്കാതെ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. ഭീകര രാത്രിയ്‌ക്കുശേഷം പകല്‍ ഒന്നു മയങ്ങി വന്നപ്പോഴാണ് ഭീകരര്‍ എത്തിയത്. മാനസികമായി തകര്‍ന്നതിനു പിന്നാലെ യഥാസമയം ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയുകയാണ് നഴ്‌സുമാര്‍. തിങ്കളാഴ്‌ച ഏതാനും ബണ്ണും ചോറുണ്ടാക്കാന്‍ അല്‍പ്പം അരിയുമാണ് ഇവര്‍ക്ക് ലഭിച്ചത്.








