Home » » സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയ്ക്കെതിരെയും ആരോപണം

സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയ്ക്കെതിരെയും ആരോപണം

Written By Unknown on Wednesday, 2 July 2014 | 09:16

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കെതിരെയും ആരോപണം. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് വദ്രയ്ക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഐപിഎല്‍ ഇടപാടുകള്‍ അടക്കം നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്താനിരിക്കെയായിരുന്നു സുനന്ദയുടെ മരണം. റോബര്‍ട്ട് വധേര അടക്കമുള്ളവരുടെ പേരുകളാണ് സുനന്ദ വെളിപ്പെടുത്താനിരുന്നതെന്നും ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സ്വാമി ആരോപിച്ചു.

സുനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞ സ്വാമി മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
സുന്ദനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ‍ഡോക്ടര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും വ്യാജപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയന്നൊണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക്ക് ഡോക്ടര്‍ സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയത്.
ശക്തരും സ്വാധീനമുള്ളവരുമായ മുന്‍ കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടതുകൊണ്ട് സത്യസന്ധമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ എഴുതാന്‍ ധൈര്യമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.സുനന്ദയുടേത് സാധാരണ മരണമാണെന്ന് റിപ്പോര്‍ട്ടില്‍ എഴുതണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമെന്നും ഇത് ആത്മഹത്യയോ കൊലപാതകമോ ആകാമെന്നുമായിരുന്നു സുധീര്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്. താന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാല്‍ തന്നെ ലക്ഷ്യം വെച്ച് ആക്രമിക്കുന്നതായി അനുഭവപ്പെട്ടതോടെയാണ് ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയത്തിനും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതെന്ന് സുധീര്‍ പറഞ്ഞു.
ഫോറന്‍സിക്ക് വിഭാഗം തലവന്‍ എന്ന സ്ഥാനത്ത് നിന്നും നീക്കുമെന്ന ഭയമാണ് ഗുപ്തയുടെ ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്ന് എഐഐഎംഎസ് അധികൃതര്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഗുപ്ത തന്റെ ആരോപണം തെളിയിക്കാനാവശ്യമായ വിവരങ്ങളും, തരൂരും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുമായി പ്രസ്തുത വിഷയത്തില്‍ നടന്ന മെയില്‍ ഇടപാടുകളുടെ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് രാത്രി എട്ടോടെ മടങ്ങിവരുമ്പോള്‍ സുനന്ദയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് ശശിതരൂര്‍ പോലീസില്‍ നല്‍കിയ മൊഴി. പാകിസ്താനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി സോഷ്യല്‍ മീഡിയയിലുണ്ടായ വാഗ്വാദത്തിനു ശേഷമാണ് സുനന്ദ പുഷ്‌കറുടെ ദുരൂഹമരണം സംഭവിക്കുന്നത് . മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുമ്പോളാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.