തിരുവനന്തപുരം : ടൈറ്റാനിയം കേസിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യമാണെന്നും കേസില്‍ അപ്പീല്‍ പോകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ താനും ചെന്നിത്തലയും ഇബ്രാഹികുഞ്ഞും പ്രതികളല്ല. തെളിവില്ലെന്നു പറഞ്ഞിട്ടും മാധ്യമങ്ങള്‍ തനിക്കുനേരെ തിരിഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
2011 ല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സിഐടിയു നേതാവ് പരാതി കൊടുത്തത്. മലിനീകരണ പ്ലാന്റ് സ്‌ഥാപിച്ചില്ലെങ്കില്‍ കമ്പനി അടച്ചു പൂട്ടുന്ന സ്‌ഥിതി വന്നപ്പോള്‍ പരാതി കൊടുത്ത നേതാവ് ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തന്നെ സമീപിച്ചു. തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് ടൈറ്റാനിയത്തില്‍ താന്‍ ഇടപെട്ടത്. ഫാക്‌ടറികള്‍ പൂട്ടാതിരിക്കാന്‍ അന്ന് എടുത്ത തീരുമാനങ്ങളില്‍ അഭിമാനമുണ്ട്. ഇതു സംബന്ധിച്ച വിധി ജനകീയ കോടതി തീരുമാനിക്കട്ടെ. ടൈറ്റാനിയം കേസില്‍ താന്‍ പ്രതിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കുവേണ്ടി സ്വീകരിച്ച നടപടിയില്‍ എന്ത് കേസെടുത്താലും കുഴപ്പമില്ല. അതേസമയം, ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്നും രമേശ് അന്ന് മന്ത്രിയോ എംഎല്‍എയോ കെപിസിസി പ്രസിഡന്റോ ആയിരുന്നില്ലെന്നം മുഖ്യമന്ത്രി പറഞ്ഞു.
പാമോലിന്‍ ഇടപാടില്‍ കേരളത്തിന് നഷ്‌ടമുണ്ടായിട്ടില്ല. എല്ലാം അറിയുന്നതിനാലാണ് കേസ് പിന്‍വലിച്ചത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാമോലിന്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.
സംസ്‌ഥാനത്ത് ശുചിമുറിയില്ലാത്ത സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ 100 ദിവസത്തിനുള്ളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതിയായ ശുചി മുറികളില്ലാത്ത സ്‌ക്കൂളുകളില്‍ കുട്ടികളുടെ പ്രവേശനം തടയും. ശുചിമുറികളില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും മാനേജ്‌മെന്റ് സ്‌കൂളുകളില്‍ സ്വന്തം ചെലവില്‍ ശുചിമുറികള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബോണക്കാട്ടെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സൗജന്യ റേഷന് പുറമേ 10 കിലോ സൗജന്യ റേഷന്‍ നല്‍കും. അടഞ്ഞു കിടക്കുന്ന 418 ബാറുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും ഇവര്‍ക്ക് 5,000 രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.








