തലശേരി: കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്‌തുതകളും അനേ്വഷിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് നിയമിക്കപ്പെട്ട ജസ്‌റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷന്‍ തലശ്ശേരി-കൂത്തുപറമ്പ്-മട്ടന്നൂര്‍-ഇരിട്ടി-കൂട്ടുപുഴ റോഡ് (സേ്‌റ്ററ്റ് ഹൈവേ നമ്പര്‍ 30, തലശ്ശേരി കൂര്‍ഗ് റോഡ്) സന്ദര്‍ശിച്ചു. റോഡിലെ അപകടമേഖലകള്‍ സംബന്ധിച്ച് വ്യക്‌തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു.
റോഡിലെ പ്രധാന അപകടമേഖലകളായ മാങ്ങാട്ടിടം പഞ്ചായത്ത് പരിസരം, കൂരമുക്ക്, കിഴുന്നക്കുന്ന് തുടങ്ങിയ സ്‌ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ഈ സ്‌ഥലങ്ങളില്‍ റോഡിന്റെ വീതി കൂട്ടുകയും ഇരുവശത്തുമുള്ള പരസ്യബോര്‍ഡുകള്‍ മാറ്റുകയും ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നേരത്തേ അപകടമേഖലകളായി പരിഗണിക്കപ്പെട്ട സ്‌ഥലങ്ങളില്‍ ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണം നടക്കുന്നത്. ഇത് അപകടങ്ങള്‍ കുറക്കാന്‍ സഹായകമാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി. നവീകരണം പൂര്‍ത്തിയാകുന്നതോടെ കീഴൂരിലെ വളവ് പൂര്‍ണമായും നികത്തണം.
തലശ്ശേരി-കൂര്‍ഗ് റോഡില്‍ ബസ് സേ്‌റ്റാപ്പുകള്‍ നേരെ എതിര്‍വശങ്ങളിലായി വരുന്നത് ഒഴിവാക്കണമെന്നും അടുത്തടുത്ത് വളവുകള്‍ വരുന്ന പോയിന്റുകളെ യോജിപ്പിച്ച് നേര്‍രേഖയിലാക്കണമെന്നും നിര്‍ദേശിച്ചു. വളവുകളില്‍ വാഹനയാത്രക്കാരുടെ കാഴ്‌ച മറയ്‌ക്കുന്ന കാടും പടര്‍പ്പും പൂര്‍ണമായി നീക്കണം. റോഡിന്റെ അരിക് പൊട്ടാതെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കണം. നിര്‍ദിഷ്‌ട സ്‌ഥാനങ്ങളില്‍ സേഫ്‌റ്റി സിഗ്നലുകളും ലൈറ്റുകളും സ്‌ഥാപിക്കണം.
സ്‌ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തലശ്ശേരി കൊടുവള്ളി ലവല്‍ക്രോസിലെ ബസ് സേ്‌റ്റാപ്പ് മാറ്റി സ്‌ഥാപിക്കാനും ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും കമ്മീഷന്‍ നിര്‍ദേശിച്ചു. റെയില്‍വേ ഗേറ്റ് അടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഹൈവേയില്‍ ഡിവൈഡര്‍ സ്‌ഥാപിച്ച് മമ്പറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് നില്‍ക്കാന്‍ സൗകര്യമൊരുക്കണം. പെട്രോള്‍ പമ്പുകള്‍ക്കു സമീപം ഫ്‌ളാഷിങ് ലൈറ്റുകള്‍ സ്‌ഥാപിക്കണം. പെട്രോള്‍ പമ്പുകളുടെ സൂചനാ ബോര്‍ഡുകള്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഥാപിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ഡിവൈ.എസ്.പി. ടി.പി. പ്രേമരാജന്‍, തഹസില്‍ദാര്‍ സി.എം. മുരളീധരന്‍, ജോയിന്റ് ആര്‍.ടി.ഒ. ഇ.എസ്. ബിജോയ്, റോഡ്‌സ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍മാരായ എം. ശശികുമാര്‍, പി. പ്രശാന്ത്, കെ.എസ്.ടി.പി. അസി. എക്‌സി. എന്‍ജിനീയര്‍ പി.എന്‍. ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.








