Home » » ഇന്ത്യയില്‍ ന്യൂനപക്ഷം എന്നൊരു വിഭാഗമില്ല എല്ലാവരും ഹിന്ദുക്കളെന്ന്‌ ആര്‍.എസ്‌.എസ്‌.

ഇന്ത്യയില്‍ ന്യൂനപക്ഷം എന്നൊരു വിഭാഗമില്ല എല്ലാവരും ഹിന്ദുക്കളെന്ന്‌ ആര്‍.എസ്‌.എസ്‌.

Written By Unknown on Friday, 13 March 2015 | 08:07

നാഗ്‌പൂര്‍: ഇന്ത്യയില്‍ എല്ലാവരും ഹിന്ദുക്കളെന്ന്‌ വീണ്ടും ആര്‍.എസ്‌.എസ്‌. ഇന്ത്യയിലെ എല്ലാ ജനങ്ങളും സാംസ്‌കാരികമായും ജനിതകമായും ഹിന്ദുക്കളാണ്‌, അതുകൊണ്ട്‌ തന്നെ രാജ്യത്ത്‌ ന്യൂനപക്ഷം എന്നൊരു വിഭാഗമില്ലെന്നും ആര്‍.എസ്‌.എസ്‌ നേതാവ്‌ ദത്താത്രേയ ഹൊസാബെയ്‌ല്‍ പറഞ്ഞു.
ആരെയാണ്‌ നിങ്ങള്‍ ന്യൂനപക്ഷമെന്ന്‌ വിളിക്കുന്നത്‌, നാമാരെയും ന്യൂനപക്ഷമായി കണക്കാക്കുന്നില്ല, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്ല അതിനാല്‍ ന്യൂനപക്ഷമെന്ന സങ്കല്‍പ്പം തന്നെ അനാവശ്യമാണ്‌-ദത്താത്രേയ പറഞ്ഞു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന്‌ ആര്‍.എസ്‌.എസ്‌ മോധാവി മോഹന്‍ ഭഗവത്‌ നിരവധി തവണ വ്യക്‌തമാക്കിയിട്ടുള്ളതാണ്‌. അവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതാണ്‌ യാഥാര്‍ത്ഥ്യമെന്നും ദത്താത്രേയ പറഞ്ഞു.
ആര്‍.എസ്‌.എസിന്റെ ഉന്നത നയരൂപീകരണ സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ ത്രിദിന യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ദത്താത്രേയ. ആര്‍.എസ്‌.എസിലേക്ക്‌ മതന്യൂനപക്ഷ വിഭാഗങ്ങളെയും സ്‌ത്രീകളെയും സ്വാഗതം ചെയ്യുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷമെന്ന്‌ കരുതപ്പെടുന്ന നിരവധി പേര്‍ ഇതിനകം ആര്‍.എസ്‌.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.