Home » » മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

Written By Unknown on Wednesday, 3 September 2014 | 07:45

കൊച്ചി : സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മദ്യക്കച്ചവടം മൗലികാവകാശമല്ലെന്നും ബാറുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനവുമായി സര്‍ക്കാരിന്‌ മുന്നോട്ടുപോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലൈസന്‍സ്‌ കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്‌ ഇടക്കാല സ്‌റ്റേ നല്‍കാനാവില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ്‌ താത്‌കാലികമാണന്നും കോടതി നിരീക്ഷിച്ചു.  ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണനും പി.ബി. സുരേഷ്‌ കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ അപ്പീല്‍ പരിഗണിച്ചത്‌.

മദ്യനയം ധൃതിപിടിച്ച തീരുമാനമായിരുന്നില്ലെന്നും യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇക്കാര്യം വ്യക്‌തമാക്കിയിരുന്നതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഫോര്‍ സ്‌റ്റാറിനെയും ഹെറിറ്റേജ്‌ ഹോട്ടലിനെയും ഫൈവ്‌ സ്‌റ്റാറിനു മുമ്പുള്ള പ്രത്യേക വിഭാഗമായി കാണണമെന്ന്‌ ബാറുടമകളുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. സംസ്‌ഥാനത്തെ ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്നും ഇതുസംബന്ധിച്ച്‌ സിംഗിള്‍ ബഞ്ചിന്‌ നിരവധി ഹര്‍ജികള്‍ എത്തിയിട്ടുണ്ടെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്‌ച സുപ്രീംകോടതിയെ സമീപിക്കുന്നുമെന്ന്‌ ബാര്‍ ഉടമകള്‍ വ്യക്‌തമാക്കി.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.