തിരുവനന്തപുരം : സര്‍ക്കാരിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാടില്‍ ഉറച്ച് കെ.ബി ഗണേശ് കുമാര്‍ വീണ്ടും രംഗത്ത്. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അഴിമതി തനിക്ക് നേരിട്ട് അറിവുള്ളതാണെന്നും ഇതിനുള്ള തെളിവുകള്‍ നേരിട്ട് ഹാജരാക്കാമെന്നും ഗണേശ് കുമാര്‍ ലോകായുക്‌തയില്‍ അറിയിച്ചു.
മന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ശക്‌തമായ അഴിമതി നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ തനിക്ക് നേരിട്ട് അറിവുള്ളതാണ്. വിദേശ യാത്രയ്‌ക്കിടെയാണ് തനിക്ക് നോട്ടീസ് ലഭിച്ചത്. അതിനാല്‍ അഴിമതിയുടെ തെളിവുകള്‍ ശേഖരിക്കാന്‍ സമയം ലഭിച്ചില്ല. അതുകൊണ്ടുതന്നെ രേഖകള്‍ ഹാജരാക്കാന്‍ തനിക്ക് രണ്ടു മാസത്തെ സാവകാശം നല്‍കണമെന്നും ഗണേശ് ലോകായുക്‌തയില്‍ ആവശ്യപ്പെട്ടു. ഗണേശിന്റെ അഭ്യര്‍ത്ഥന പ്രകാരം തെളിവുകള്‍ ഹാജരാക്കാന്‍ ലോകായുക്‌ത മൂന്ന് മാസം സാവകാശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ മാര്‍ച്ച് 30 ന് ഹാജകുന്ന ഗണേശ് മന്ത്രിയുടെ ഓഫീസിലെ അഴിമതിയെക്കുറിച്ചുള്ള തെളിവുകള്‍ ലോകായുക്‌തയില്‍ നല്‍കിയേക്കും.
മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞതില്‍ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനിക്കുന്ന് ഗണേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വ്യക്‌തിപരമായി ആരോടും വിദ്വേഷമില്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന ആളാണ് യഥാര്‍ത്ഥ മിത്രമെണന്നും ഗണേശ് കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ നാടകീയമായാണ് ഗണേശ്‌കുമാര്‍ സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു കോടികളുടെ അഴിമതി നടക്കുന്നുവെന്നതായിരുന്നു ആരോപണം. മന്ത്രിയുടെ സ്‌റ്റാഫില്‍പ്പെട്ട മൂന്നാളുകളുടെ പേരും അദ്ദേഹം സഭയില്‍ വെളിപ്പെടുത്തി. ആരോപണം ഉന്നയിക്കാന്‍ അവസരം തന്നാല്‍ മറ്റൊരു മന്ത്രിക്കെതിരായ തെളിവും വെളിപ്പെടുത്താമെന്നു ഗണേശ്‌കുമാര്‍ പറഞ്ഞു.അതേസമയം, ഗണേശിന്റെ ആരോപണങ്ങള്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു. ചട്ടലംഘനമാണു ഗണേശ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.








