Home » » പെണ്‍കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത മുസ്ലീം യുവാവിന്‌ സംഘപരിവാര്‍ സംഘടനകളുടെ മര്‍ദ്ദനം.

പെണ്‍കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത മുസ്ലീം യുവാവിന്‌ സംഘപരിവാര്‍ സംഘടനകളുടെ മര്‍ദ്ദനം.

Written By Unknown on Friday, 27 February 2015 | 06:16

മംഗളുരു: സഹപാഠികളായ ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌ത മുസ്ലീം യുവാവിന്‌ സംഘപരിവാര്‍ സംഘടനകളുടെ മര്‍ദ്ദനം. മുഹമ്മദ്‌ റിയാസ്‌ എന്ന യുവാവിനാണ്‌ മര്‍ദ്ദനമേറ്റത്‌. മംഗളുരുവിലെ സുരത്‌കലിലെ ഗോവിന്ദ ദാസ കോളജിലെ വിദ്യാര്‍ത്ഥികളാണിവര്‍. ക്ലാസ്‌ മുറിയില്‍ പെണ്‍കുട്ടികളുടെ മടിയില്‍ സഹപാഠിയായ മുഹമ്മദ്‌ സ്വാലി കിടക്കുന്ന ചിത്രമാണ്‌ പ്രകോപനം സൃഷ്‌ടിച്ചത്‌. അതേസമയം ചിത്രത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം മാറിയിരിക്കുന്ന യുവാവിനാണ്‌ മര്‍ദ്ദനമേറ്റത്‌.
സംഘം ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതോടെയാണ്‌ സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തത്‌. വര്‍ഗീയ വിദ്വേഷമാണ്‌ ആക്രമണത്തിലേക്ക്‌ നയിച്ചതെന്ന്‌ മംഗളുരു അസിസ്‌റ്റന്റ കമ്മീഷണര്‍ രവി കുമാര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ മടിയില്‍ കിടന്ന മുഹമ്മദ്‌ സ്വാലി എന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ്‌ ചിത്രത്തിലെ രണ്ടാമനായ മുഹമ്മദ്‌ റിയാസിനെ ആക്രമിച്ചതെന്നും പോലീസ്‌ വെളിപ്പെടുത്തി. മുഹമ്മദ്‌ റിയാസിനെ വീട്ടില്‍ നിന്ന്‌ തട്ടിക്കൊണ്ടു പോയ സംഘം ആളൊഴിഞ്ഞ മേഖലയില്‍ എത്തിച്ച്‌ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അക്രമി സംഘത്തിലെ രണ്ട്‌ പേരെ അറസ്‌റ്റ് ചെയ്‌തു. കോളജിലെ മെബൈല്‍ ഫോണ്‍ നിരോധനം ലംഘിച്ച്‌ ക്ലാസില്‍ ഫോണ്‍ കൊണ്ടുവരികയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തതിന്‌ സംഘത്തിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച്‌ പേരെ സസ്‌പെന്റ്‌ ചെയ്‌തതായി കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. കെ. രാജാമോഹന്‍ റാവു അറിയിച്ചു. മര്‍ദ്ദനമേറ്റ്‌ ചികിത്സയില്‍ കഴിയുന്ന മുഹമ്മദ്‌ റിയാസ്‌ വിട്ടാലുടന്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോളജ്‌ അധികൃതര്‍ അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.