Home » » ആരെയും പാർട്ടിക്ക് മുകളിൽ പറക്കാൻ അനുവദിക്കില്ല;കോടിയേരി ബാലകൃഷ്ണൻ.

ആരെയും പാർട്ടിക്ക് മുകളിൽ പറക്കാൻ അനുവദിക്കില്ല;കോടിയേരി ബാലകൃഷ്ണൻ.

Written By Unknown on Friday, 27 February 2015 | 06:33

തൃശൂർ: ആരെയും പാർട്ടിക്ക് മുകളിൽ പറക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേതാക്കൾക്ക് ഒരു ഭരണഘടനയും പ്രവർത്തകർക്ക് മറ്റൊന്നും എന്ന പരിപാടി പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റു ചെയ്യുന്നവർ എടുക്കുന്ന തീരുമാനത്തെ തിരുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ പാർട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം തന്നെയാണ് പ്രതിപക്ഷ നേതാവെന്നും കോടിയേരി വ്യക്തമാക്കി. സഭയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആറിനു കാണാം.

കേരളത്തിലെ ആം ആദ്മി പാർട്ടി സി.പി.എം തന്നെയാണെന്നും അതിനാൽ മറ്റൊരു എ.എ.പിയെ സഹായിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സി.പി.എം മത്സരിക്കാത്ത സ്ഥലങ്ങളിൽ അവർ എ.എ.പിയെ പിന്തുണച്ചെന്നും എന്നാൽ കേരളത്തിൽ എൽ.ഡി.എഫ് മത്സരിക്കാത്ത സ്ഥലമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് ഭരണത്തിൽ അഴിമതി നടത്തുന്നവരാണ് ഉന്നതസ്ഥാനത്തിരിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. ഇത് തന്നെയാണ് ചന്ദ്രബോസിന്റെ കൊലപാതകത്തിലും ഉണ്ടായതെന്നും അതിനാലാണ് കമ്മീഷണറെ സസ്പെന്റ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.