പറവൂര്‍; സ്‌ത്രീ പീഡനക്കേസില്‍
പ്രതിയായി ഒളിവില്‍പ്പോയ യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിനകത്തു
വെട്ടേറ്റു മരിച്ചു. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് കുനിയന്തോടത്ത്
ജോസ് വര്‍ഗീസ് (72), ഭാര്യ റോസിലി (70) എന്നിവരാണു പറവൂര്‍ - മൂത്തകുന്നം
റൂട്ടില്‍ തുരുത്തിപ്പുറത്തിനു സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്‌ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ റോജോ
രണ്ടുവര്‍ഷം മുന്‍പാണ് സ്‌ത്രീപീഡനക്കേസില്‍ പ്രതിയായത്.
പറവൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
റോജോ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്കു കടന്നതായും സൂചനയുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തിയ
എല്‍ഡിഎഫ് പ്രവര്‍ത്തകരാണു മൃതദേഹം കണ്ടു നാട്ടുകാരെയും ബന്ധുക്കളെയും
അറിയിച്ചത്. മുന്‍വശത്തെ വാതില്‍ പാതി തുറന്ന നിലയിലായിരുന്നു. കാര്‍
പോര്‍ച്ചിലും വീടിനുള്ളിലും ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു. ഫാനും
കറങ്ങുന്നുണ്ടായിരുന്നു.
തിരഞ്ഞെടുപ്പു പ്രചാരകര്‍ വിളിച്ചിട്ടു പ്രതികരണമുണ്ടായില്ല. തുടര്‍ന്ന്
വാതില്‍ തുറന്നപ്പോഴാണു വെട്ടേറ്റ് ചാരി ഇരിക്കുന്ന നിലയില്‍
ഗോവണിപ്പടിയില്‍ റോസിലിയുടെ മൃതദേഹം കണ്ടത്. സമീപത്തു താമസിക്കുന്ന
ജോസിന്റെ സഹോദരന്‍ ജോര്‍ജിനെ അവര്‍ വിവരമറിയിച്ചു. ഇദ്ദേഹം വീടിന്റെ
മുകളിലെ നില പരിശോധിച്ചപ്പോഴാണു ജോസിന്റെ മൃതദേഹം കണ്ടത്.
മൃതദേഹങ്ങള്‍ക്കു ചുറ്റും രക്‌തം തളംകെട്ടിക്കിടന്നിരുന്നു. രണ്ടു
പേരുടെയും തലയ്‌ക്കും മുതുകിലുമാണ് വെട്ടേറ്റിട്ടുള്ളത്.
ആലുവ റൂറല്‍ എസ്‌പി സതീഷ് ബിനോ, ഡിവൈഎസ്‌പി വി.കെ. സനില്‍കുമാര്‍,
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധിച്ച
ശേഷമാണു കൊലപാതകമാണെന്നു സ്‌ഥിരീകരിച്ചത്. മൂര്‍ച്ചയുള്ള നീളംകുറഞ്ഞ ആയുധം
ഉപയോഗിച്ചാണു കൊല നടത്തിയതെന്നാണു പ്രാഥമിക നിഗമനം. കൊലയാളി ഒറ്റയ്‌ക്കു
വന്നിരിക്കാനുള്ള സാധ്യതയാണു പൊലീസ് പരിശോധിക്കുന്നത്. രണ്ടാം തീയതി
രാത്രി 11 മണിക്കു മുന്‍പാണു കൊലപാതകം നടന്നതെന്നു കരുതുന്നു.
വീട്ടില്‍ നിന്നു വിലപിടിപ്പുള്ള ഒന്നും നഷ്‌ടപ്പെടാത്ത സാഹചര്യത്തില്‍
കൊലപാതകം തന്നെയാണു ലക്ഷ്യമെന്നു പൊലീസ് അനുമാനിക്കുന്നു. കൊല്ലപ്പെട്ട
ജോസ്, റോസിലി എന്നിവരുടെ കാല്‍പ്പാടുകള്‍ക്കു പുറമേ ഒരാളുടെ കാല്‍പ്പാടു
മാത്രമാണു പരിശോധന നടത്തിയ ഫൊറന്‍സിക് വിഭാഗം വീട്ടില്‍ നിന്നു
കണ്ടെത്തിയത്. സംഭവസ്‌ഥലത്തെത്തിയ പൊലീസ് നായ മണംപിടിച്ചു സമീപത്തെ കാര്‍
വര്‍ക്ക്‌ഷോപ്പ് വരെ എത്തി.
പാചകം ചെയ്യാന്‍ അരിഞ്ഞ പച്ചക്കറികള്‍ അതേപടി അടുക്കളയില്‍
ഇരിപ്പുണ്ടായിരുന്നു. സാധാരണയായി ജോസ് മുകളിലത്തെ നിലയില്‍
കയറാറില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. കൊലയാളിയെ കണ്ടു ഭയന്ന ജോസ്
രക്ഷപ്പെടാന്‍ മുകളിലേക്കു കയറിയതാവാന്‍ സാധ്യതയുണ്ട്. കൊല ചെയ്യാന്‍
ഉപയോഗിച്ച ആയുധമോ മറ്റു തൊണ്ടി മുതലുകളോ കണ്ടെത്താനായിട്ടില്ല. വീടിന്റെ
വാതിലില്‍ നിന്നു വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്ന്
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മണിചെയിന്‍ ഇടപാടു നടത്തി സമ്പന്നനായ റോജോ
പിന്നീട് സാമ്പത്തികമായി തകര്‍ന്നിരുന്നു. റോജോ വീടു വിട്ടശേഷം ഇവരുടെ
സ്വത്തിന്റെ ഉടമസ്‌ഥാവകാശത്തെച്ചൊല്ലി റോജോയുടെ ഭാര്യ പ്രീജയും
കൊല്ലപ്പെട്ട ജോസും തമ്മില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഒരു
കേസില്‍ ജോസിന് അനുകൂലമായി കഴിഞ്ഞ ദിവസം കോടതിവിധിയുണ്ടായതായും വിവരം
ലഭിച്ചിട്ടുണ്ട്.
റോജോയുടെ വഴിവിട്ട ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാധ്യതകളും അപമാനവും
ജോസിനെയും റോസിലിയെയും മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. റോജോയും
ഭാര്യയും ചേര്‍ന്ന് ഈ വീടിന്റെ ആധാരം പണയം വെച്ചു ബാങ്കില്‍ നിന്ന് 25
ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. എന്നാല്‍, തുക ഇവര്‍ തിരിച്ചടച്ചില്ല.
റോജോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു ശേഷം പ്രീജ ഇവരില്‍ നിന്ന്
അകന്നാണു കഴിയുന്നത്. പ്രതിരോധസേനയില്‍ എന്‍ജിനീയറായി റിട്ടയര്‍ ചെയ്‌ത
ജോസ് കുറച്ചുകാലം വിദേശത്തു ജോലി ചെയ്‌തിരുന്നു. റോസിലി
വീട്ടമ്മയായിരുന്നു. ഇവരുടെ മകള്‍ ജോസിലിയും ഭര്‍ത്താവ് റോണിയും
ദുബായിലാണ്.