തൃശൂര്‍: ചികിത്സയില്‍ കഴിയവേ ചന്ദ്രബോസിന്റെ മൊഴിയെടുക്കാതിരുന്നത് ബോരഹിതനായത് കൊണ്ടാണെന്ന പൊലിസിന്റെ വാദം പൊളിയുന്നു. പത്തു ദിവസത്തോളം ചന്ദ്രബോസിന് ബോധം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ പത്തുവരെ ചന്ദ്രബോസിന് സുബോധമുണ്ടായിരുന്നുവെന്ന് കേസ് ഷീറ്റിലാണ് വ്യക്തമാക്കുന്നത്.
തൃശൂര്‍ ശോഭാസിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസ് താമസക്കാരനായ നിസാമിന്റെ ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് ചന്ദ്രബോസിന്റെ മൊഴി എടുത്തിരുന്നില്ല. ചന്ദ്രബോസിന് ബോധം ഇല്ലായിരുന്നു എന്നാണ് പൊലിസ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍, ചന്ദ്രബോസിന് ബോധം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പൊലീസ് അംഗീകരിച്ചിരുന്നില്ല.
ഗുരുതര പരിക്കുകളോടെ ജനുവരി 29 ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ചന്ദ്രബോസിന് ഒന്നാം തീയതിമുതല്‍ പത്താംതീയതിവരെ സുബോധമുണ്ടായിരുന്നെന്ന് ആശുപത്രി രേഖകള്‍ പറയുന്നത്. കേസ് ഷീറ്റ് അനുസരിച്ച് ഒന്നാം തീയതി വൈകിട്ട് 3.50 ന് നല്ല ബോധമുണ്ടായിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ രേഖപ്പെടുത്തുന്നു. അതേ ദിവസത്തെ നഴ്സ് റിപ്പോര്‍ട്ടില്‍ രോഗി സ്വയം വായ കഴുകി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവും ആശാവഹമായിരുന്നു. രണ്ടാം തീയതി മുതല്‍ പത്താം തീയതിവരെ ഇതുതന്നെയായിരുന്നു സ്ഥിതി. എട്ടാം തീയതി രേഖപ്പെടുത്തിയിരിക്കുന്നത് സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ്. ഒമ്പതാം തീയതി ചികിത്സയുടെ ഭാഗമായി രോഗിയെ കസേരയില്‍ ഇരുത്തിനോക്കി, അതും തൃപ്തികരം. ദഹന പ്രക്രിയയും ആശാവഹമായതിനാല്‍ മലവിസര്‍ജ്ജനം ഉണ്ടായി. പത്താം തീയതി ചന്ദ്രബോസിന് ഭക്ഷണം നല്‍കി. ഇക്കാലയളവിനിടെ പല മണിക്കൂറുകളില്‍ ചന്ദ്രബോസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതും ചന്ദ്രബോസ് ബോധവാനായിരുന്നു എന്നാണ്.
പതിനൊന്നാം തീയതിമുതലാണ് ചന്ദ്രബോസിന്റെ നില വഷളാവുന്നത്. 16 ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. മൊഴിരേഖപ്പെടുത്തണമെന്ന് രേഖാമൂലം ഡോക്ടര്‍മാര്‍ക്ക് കത്തുനല്‍കുന്നത് ചന്ദ്രബോസിന്റെ നില വഷളായ ശേഷമാണ്. പിന്നീട് ബോധം ഇല്ലെന്നു പറഞ്ഞ് മൊഴി എടുക്കാതിരിക്കുകയും ചെയ്തു.








