Home » » ടി.പി. ചന്ദ്രശേഖരന്‍: പിണറായിയുടെ നിലപാടു ശരിയെന്ന്‌ കെപിസിസി വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ടി.പി. ചന്ദ്രശേഖരന്‍: പിണറായിയുടെ നിലപാടു ശരിയെന്ന്‌ കെപിസിസി വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Written By Unknown on Thursday, 5 March 2015 | 23:30

കോഴിക്കോട്‌ : ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്നു വിളിച്ച പിണറായി വിജയന്റെ നിലപാടു ശരിയെന്നു കെപിസിസി വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തൃശൂര്‍ ശോഭാസിറ്റിയിലെ കാവല്‍ക്കാരന്‍ ചന്ദ്രബാബു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി നിഷാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമിച്ചെന്ന സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ ആരോപണത്തെ കുറിച്ചു പ്രതികരിക്കവേയാണ്‌ ഉണ്ണിത്താന്‍ പിണറായിയെ പിന്താങ്ങിയത്‌. ഡിജിപിയടക്കം കേസ്‌ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ്‌ ഇന്നലെ രാത്രി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ ഉള്ളടക്കം പുറത്തു വന്നതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെ കൈരളി പീപ്പിള്‍ ചാനലിന്റെ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
ടി.പി. ചന്ദ്രശേഖരനെയും കൂട്ടരെയും കുലംകുത്തികളെന്നാണു പിണറായി വിജയന്‍ വിശേഷിപ്പിച്ചത്‌. എന്നാല്‍ ധീരനായ കമ്മ്യൂണിസ്റ്റ്‌ എന്നായിരുന്നു വി.എസ്‌. അച്യുതാനന്ദന്റെ വിശേഷണം. വിഎസിന്റെ നിലപാടു തള്ളുകയാണു ചെയ്‌തത്‌. പിണറായിയുടെ നിലപാടാണ്‌ ശരി. സിപിഎമ്മില്‍ വിഎസിനുള്ള സ്ഥാനമാണ്‌ യുഡിഎഫില്‍ പി.സി. ജോര്‍ജിന്‌. ചീഫ്‌ വിപ്പ്‌ സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കിയതാണ്‌. ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്ന്‌ ജോര്‍ജിനെ മാറ്റണമെന്ന്‌ കെ.എം. മാണിയോട്‌ കോണ്‍ഗ്രസും യുഡിഎഫും പലതവണ ആവശ്യപ്പെട്ടതാണ്‌. അവര്‍ മാറ്റും വരെ ജോര്‍ജ്‌ തുടരും.
ജോര്‍ജിന്‌ ആര്‍ക്കും കത്തയക്കാം. സിഡി ആര്‍ക്കുമുണ്ടാക്കാം. ജോര്‍ജ്‌ നിരന്തരം ആരോപണം ഉന്നയിച്ചു നടക്കുന്നതായാളാണ്‌. ഒരു കത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കാനാവില്ല. വ്യക്തമായ തെളിവുണ്ടെങ്കില്‍ പരിശോധിച്ച്‌ മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ആരോപണം ഒരു വ്യവസായമായി കൊണ്ടു നടക്കുന്ന വ്യവസായിയാണ്‌ പി.സി. ജോര്‍ജെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.