Home » » ബജറ്റ്‌ അവതരിപ്പിക്കാനും തടയാനുമായി യുദ്ധസമാനമായ സാഹചര്യം.

ബജറ്റ്‌ അവതരിപ്പിക്കാനും തടയാനുമായി യുദ്ധസമാനമായ സാഹചര്യം.

Written By Unknown on Thursday, 12 March 2015 | 18:50

തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിക്കാനും തടയാനുമായി യുദ്ധസമാനമായ സാഹചര്യം. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണു നിയമസഭയും തലസ്ഥാന നഗരവും.

ധനമന്ത്രി കെ.എം. മാണി കനത്ത സുരക്ഷാവലയത്തില്‍ തന്നെ ഇന്നലെ നിയമസഭയില്‍ തങ്ങിയാണ്‌ ഇന്നു ബജറ്റ്‌ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നത്‌. ബജറ്റ്‌ അവതരിപ്പിക്കാനുള്ള നീക്കം നിയമസഭയ്‌ക്കുള്ളില്‍ ഏതു വിധേനയും തടയാനാണ്‌ ഇടത്‌ എംഎല്‍എമാരുടെ ശ്രമം. ധനമന്ത്രിക്കു സുരക്ഷ ഒരുക്കുന്ന വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി ഏറ്റുമുട്ടുന്നതിനു പോലും മടിക്കേണെ്‌ടന്നാണു നിര്‍ദേശം.

നിയമസഭയ്‌ക്കു പുറത്തു കെ.എം. മാണിയെ തടയുമെന്ന പ്രഖ്യാപനവുമായി ഇടതുപക്ഷവും യുവമോര്‍ച്ചയും ഇന്നലെ ഉച്ചമുതല്‍ നിയമസഭാ പരിസരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്‌ട്‌. നിയമസഭയിലേക്കുള്ള വഴികളുടെയെല്ലാം നിയന്ത്രണം ഇന്നലെ വൈകുന്നേരം മുതല്‍ പോലീസ്‌ ഏറ്റെടുത്തു. എന്നാല്‍, ധനമന്ത്രി ഇന്നലെ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ഇനി നിയമസഭയ്‌ക്കുള്ളില്‍ എന്തു നടക്കുമെന്ന ആകാംക്ഷയിലാണു കേരളം.

രാവിലെ ഒന്‍പതിനു തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്നുറച്ച നിലപാടിലാണ്‌ കെ.എം. മാണിയും യുഡിഎഫും. നിയമസഭയിലെ ധനമന്ത്രിയുടെ 617-ാം നമ്പര്‍ മുറിയിലാണ്‌ ഇന്നലെ രാത്രി മാണി തങ്ങിയത്‌. മുറി വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ സുരക്ഷാവലയത്തിലായിരുന്നു. മാണിയെ തടയാനുള്ള തയാറെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളും നിയമസഭയ്‌ക്കുള്ളില്‍നിന്നു പുറത്തിറങ്ങിയില്ല. ഇവര്‍ ഫ്‌ളോറിനുള്ളില്‍ രാത്രിയും കുത്തിയിരുന്നു. യുഡിഎഫ്‌ എംഎല്‍എമാര്‍ നിയമസഭയില്‍ തങ്ങി.

മന്ത്രിമാരായ കെ. ബാബുവും എം.കെ. മുനീറും ഇന്നലെ രാത്രി വൈകിയും നിയമസഭയ്‌ക്കുള്ളിലുണ്‌ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി രാത്രിയോടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലേക്കു മടങ്ങി. മറ്റു മന്ത്രിമാരും വസതികളിലേക്കു മടങ്ങി. ഇവരെ ഇന്നു പുലര്‍ച്ചെ മ്യൂസിയം, അണ്‌ടര്‍പാസ്‌ വഴി നിയമസഭയിലെത്തിക്കും.

617-ാം നമ്പര്‍ മുറിയില്‍നിന്നു രാവിലെ ബജറ്റ്‌ അവതരിപ്പിക്കാന്‍ ധനമന്ത്രി നിയമസഭാ ഫ്‌ളോറിനുള്ളിലേക്കു പോകുന്ന വഴിയും കനത്ത സുരക്ഷയിലായിരിക്കും. ഇവിടേക്കു പ്രതിപക്ഷ എംഎല്‍എമാരെയും ഇന്നലെ രാത്രിയില്‍ നിയമസഭയ്‌ക്കുള്ളിലുണ്‌ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും കടത്തിവിട്ടില്ല. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്‌തമായി വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ കനത്ത സുരക്ഷയിലാണു കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കുന്നത്‌. ബജറ്റ്‌ പുസ്‌തകം കീറി എറിയാനും തടസപ്പെടുത്താനുമാണ്‌ ഇടത്‌ എംഎല്‍എമാര്‍ ശ്രമിക്കുക.

ബജറ്റ്‌ ഒരുക്കത്തിന്റെ ഭാഗമായി നഗരത്തിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ക്ക്‌ ഇന്നലെ ഉച്ചയ്‌ക്കുശേഷം സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. ഇന്ന്‌ ഉച്ചയോടെ മാത്രമേ ഇവ തുറക്കുകയുള്ളൂ. നഗര പരിധിയിലെ 19 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ചില കോളജുകള്‍ കേന്ദ്രമാക്കി സമരക്കാര്‍ തങ്ങാന്‍ സാധ്യതയുണെ്‌ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കോളജുകള്‍ അടക്കമുള്ളവയ്‌ക്ക്‌ അവധി പ്രഖ്യാപിച്ചത്‌.

നിയമസഭയ്‌ക്കു പുറത്തുള്ള സമരം ഇടതുമുന്നണിയും യുവമോര്‍ച്ചയും നടത്തുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിക്ക്‌ പിഎംജി ഭാഗത്തും യുവമോര്‍ച്ചയ്‌ക്കു പാളയം ഭാഗവുമാണു സമര മേഖലയായി നല്‍കിയിട്ടുള്ളത്‌. സമരവുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി അക്രമത്തിനു സാധ്യതയുണെ്‌ടന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി പോലീസിനു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്‌ട്‌.

കെ.എം. മാണി തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ അറിയിച്ചു. കെ.എം. മാണിയെ ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നു ഗവര്‍ണറെ കണ്‌ടു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.