കാക്കനാട്: ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യുവിന് പോയ യുവതിയെ കാണാതായ സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ചെന്നൈയില്‍ മൂന്ന് ദിവസം അന്വേഷണം നടത്തിയിട്ടും തുമ്പ് കിട്ടാതെ പോലീസ് കേരളത്തിലേക്ക് മടങ്ങി. തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ സ്‌ക്വാഡിലെ എസ്.ഐ.യും രണ്ട് പോലീസുകാരുമാണ് ചെന്നൈയില്‍ അന്വേഷണം നടത്തിയത്. കാണാതായ യുവതി ജിസിലിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് പോലീസ് സംഘം ചെന്നൈയില്‍ എത്തിയത്. ജിസിലിന്റെ പഴയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മാര്‍ച്ച് അഞ്ചിനാണ് ജിസില്‍ മാത്യവിനെ കാണാതായത്. ജിസിലിനെ ഭര്‍ത്താവ് ജോബിന്‍ ഇന്‍ഫോ പാര്‍ക്കില്‍ കൊണ്ടു വിടുകയായിരുന്നു. പത്ത് മണിക്ക് ഇന്‍ഫോ പാര്‍ക്കില്‍ കൊണ്ടുവിട്ട ശേഷം ഭര്‍ത്താവ് തിരികെ മടങ്ങി. ഇതിന് ശേഷം ജിസിലിനെ കാണാതാവുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് രാവിലെ 10.45ഓടെ ജിസിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ജിസിലിനെ ഫോണില്‍ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് തൃക്കാക്കര പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
ഗൂഡല്ലൂര്‍ സ്വദേശിയാണ് ജിസില്‍ മാത്യു. ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ ഭര്‍ത്താവുമൊത്ത് കാക്കനാട് വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു.








