Home » » മഹാരാഷ്ട്രയിൽ സർക്കാർ ജോലിക്ക് മുസ്ലിം സംവരണം എടുത്തു കളഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാർ ജോലിക്ക് മുസ്ലിം സംവരണം എടുത്തു കളഞ്ഞു.

Written By Unknown on Thursday, 5 March 2015 | 17:49

മുംബയ് : മഹാരാഷ്ട്രയിൽ സർക്കാർ ജോലിക്ക് മുസ്ളിങ്ങൾക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചത് ബി.ജെ.പി സർക്കാർ എടുത്തു കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവന്ന പ്രഖ്യാപനം നടപ്പാക്കുന്നത് കോടതി നേരത്തേ തടഞ്ഞിരുന്നു.
കോൺഗ്രസ് - എൻ.സി.പി സർക്കാർ 2014 ജൂലായിലാണ് സർക്കാർ സ്കൂളുകളിലും കോളേജുകളിലും കൂടാതെ സർക്കാർ ജോലികളിലും 16 ശതമാനം മറാത്താ സംവരണവും 5 ശതമാനം മുസ്ലിം സംവരണവും അനുവദിക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. അമ്പതോളം മുസ്ലിം സമുദായങ്ങളെ പ്രത്യേക പിന്നാക്ക വിഭാഗത്തിൽ ഉൾക്കൊള്ളിച്ച തീരുമാനത്തിനെതിരേ സമർപ്പിക്കപ്പെട്ട ഹർജിയിൽ മറാത്താ സംവരണം റദ്ദാക്കിയും മുസ്ലിം സംവരണം നിലനിറുത്തിയും ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, മുസ്ളിം സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി ചുരുക്കുകയും ചെയ്തു. എന്നാൽ, ഓർഡിനൻസിന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചിട്ടും അത് പുതുക്കാൻ ബി.ജെപി സർക്കാർ തയ്യാറായില്ല. ഇതോടെയാണ് ഓർഡിനൻസ് കാലഹരണപ്പെട്ടതായി ചൂണ്ടിക്കാട്ടി സർക്കാർ സംവരണം റദ്ദാക്കിയത്. ഡിസംബർ 24ന് പുറപ്പെടുവിച്ച ഓർഡിനൻസ് നിയമമാക്കാൻ കഴിയുന്നതല്ലെന്നും അതിനാൽ അത് റദ്ദാക്കുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സർക്കുലറിൽ വ്യക്തമാക്കി.
തങ്ങൾ മത സംവരണത്തിനെതിരാണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന ഫട്നാവിസ്  സർക്കാർ ഈ ഓർഡിനൻസ് റദ്ദാക്കുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നില്ല. തന്റെ സർക്കാർ മുസ്ലിം സമുദായങ്ങളുടെ എല്ലാ രംഗത്തുമുള്ള വികസനത്തെയാണ് ലക്ഷ്യമാക്കുന്നതെന്ന് പ്രഖ്യാപിച്ച ഫട്നാവിസ് ജാതി സംവരണം പ്രത്യേക സമുദായത്തിലെ ചില വിഭാഗങ്ങളിൽ മാത്രമൊതുങ്ങുമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.