കൊച്ചി: സംവിധായകന്‍ മേജര്‍ രവിക്കെതിരേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിര്‍മാതാവ് ഒ.ജി. സുനില്‍ പരാതി നല്‍കി. മേജര്‍ രവി സംവിധാനം ചെയ്‌ത പിക്കറ്റ് 43 യുടെ നിര്‍മാതാവാണു സുനില്‍. ചിത്രം വന്‍ സാമ്പത്തികനഷ്‌ടം വരുത്തിയെന്നാരോപിച്ചാണു പരാതി.
കരാറില്‍ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ അധികം ചെലവാക്കേണ്ടിവന്നുവെന്നു പരാതിയില്‍ പറയുന്നു. നാലു കോടി രൂപയ്‌ക്കു പൂര്‍ത്തിയാക്കാമെന്ന കരാറിലാണു പിക്കറ്റ് 43 യുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ 4.7 കോടി രൂപയ്‌ക്കാണ് സിനിമ പൂര്‍ത്തിയായത്. ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി വീണ്ടും പണം കണ്ടെത്തേണ്ടി വന്നു. സിനിമ തീയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും തിരിച്ചടിയായി. ഫിലിം ബ്രീവറി എന്ന സിനിമാ കമ്പനിയുടെ രണ്ടാമത് ചിത്രമാണ് പിക്കറ്റ് 43. ആദ്യ ചിത്രമായ 22 ഫീമെയില്‍ കോട്ടയം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു.
സുനിലിന്റെ പരാതി പരിശോധിക്കാനും ചര്‍ച്ചചെയ്യുന്നതിനുമായി ഈമാസം തന്നെ യോഗം ചേരുമെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രഞ്‌ജിത് രജപുത്ര വ്യക്‌തമാക്കി.
നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്‌ടം വരുത്തിവയ്‌ക്കുന്ന ഇത്തരം സംവിധായകരോട് നിസഹകരണം പുലര്‍ത്തുന്ന കാര്യം അസോസിയേഷന്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.








