Home » » കേരളാ കോണ്‍ഗ്രസ്‌ വീണ്ടും പിളര്‍ന്നു.

കേരളാ കോണ്‍ഗ്രസ്‌ വീണ്ടും പിളര്‍ന്നു.

Written By Unknown on Monday, 9 March 2015 | 17:29

കോട്ടയം: ഇടതു മുന്നണിയിലെ കേരളാ കോണ്‍ഗ്രസ്‌ വീണ്ടും പിളര്‍ന്നു. ചെയര്‍മാന്‍സ്‌ഥാനത്തുനിന്നു പി.സി. തോമസിനെ സ്‌കറിയാ തോമസ്‌ പുറത്താക്കി. പി.സി. തോമസ്‌ വിഭാഗം ഇന്നു കോട്ടയത്ത്‌ യോഗം ചേര്‍ന്നു സ്‌കറിയാ തോമസിനെയും വി. സുരേന്ദ്രന്‍ പിള്ളയെയും പുറത്താക്കുമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ഇതോടെ പിളര്‍പ്പു പൂര്‍ണമാകും.
പി.സി. തോമസിനെ പരിഗണിക്കാതെ സ്‌കറിയാ തോമസിനെയും സുരേന്ദ്രന്‍ പിള്ളയെയും ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചതിനു പിന്നാലെയാണ്‌ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായതും അനിവാര്യമായ പിളര്‍പ്പുണ്ടായതും.
കോട്ടയം പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടത്തിയ കണ്‍വന്‍ഷനിലാണു സ്‌കറിയാ തോമസ്‌ വിഭാഗം പി.സി. തോമസിനെ പുറത്താക്കിയത്‌. സ്‌കറിയാ തോമസ്‌ പുതിയ ചെയര്‍മാനും വി.സുരേന്ദ്രന്‍പിള്ള വര്‍ക്കിങ്‌ ചെയര്‍മാനും ടി.ഒ. ഏബ്രഹാം ട്രഷററുമാകും. അഭിപ്രായ ഐക്യം നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന എല്‍.ഡി.എഫ്‌. നിര്‍ദേശം പാലിക്കാന്‍ പി.സി. തോമസ്‌ തയാറാകാതെ വന്നതോടെയാണു പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായതെന്നു സ്‌കറിയാ തോമസ്‌ പറഞ്ഞു. ഭിന്നത പരിഹരിക്കാന്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും പി.സി. തോമസ്‌ സമവായത്തിനു തയാറായില്ല. തുടര്‍ന്നാണു സംസ്‌ഥാന കണ്‍വന്‍ഷന്‍ വിളിച്ചത്‌.
അവസാന നിമിഷം വരെ പി.സി. തോമസിനെ കാത്തിരുന്ന ശേഷമാണു പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തതെന്നും സ്‌കറിയ തോമസ്‌ പറഞ്ഞു. സംസ്‌ഥാന സെക്രേട്ടറിയറ്റിലെ 32 പേരില്‍ 21 പേരും 10 ജില്ലാ പ്രസിഡന്റുമാരും ഏഴു പോഷകസംഘടനാ പ്രസിഡന്റുമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഇവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തതായും സ്‌കറിയാ തോമസ്‌ അവകാശപ്പെട്ടു. മറ്റു ഭാരവാഹികളെ പിന്നീടു പ്രഖ്യാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.