Home » » ഒടുവിൽ സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറി.

ഒടുവിൽ സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറി.

Written By Unknown on Sunday, 19 April 2015 | 18:40

വിശാഖപട്ടണം : ടുവിൽ സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറി. പുതിയ കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷ പിന്തുണ യെച്ചൂരിക്കാണെന്ന് വ്യക്തമായതോടെ എസ്. രാമചന്ദ്രൻപിള്ള മത്സരത്തിൽ നിന്ന് പിന്മാറി. തുടർന്ന്, യെച്ചൂരിയുടെ പേര് പ്രകാശ് കാരാട്ട് നിർദ്ദേശിക്കുകയും ഏകകണ്ഠമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
 
പ്രതീക്ഷിച്ചത് പോലെ വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി  കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്തി. കേരളത്തിൽ നിന്ന് എ.കെ. ബാലനും എളമരം കരീമും കേന്ദ്ര കമ്മിറ്റിയിൽ എത്തി. എൺപത് വയസെന്ന പ്രായപരിധി കഴിഞ്ഞ പാലോളി മുഹമ്മദ് കുട്ടിയെ ഒഴിവാക്കി.
 
കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കളിൽ ഭൂരിപക്ഷം രാമചന്ദ്രൻപിള്ളയുടെ പക്ഷത്തായിരുന്നു. എന്നാൽ, യെച്ചൂരിക്കായിരുന്നു പാർട്ടിയിലെ സീനിയർ നേതാക്കളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ. കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സ്വാഭാവികമായും ഇത്  സ്വാധീനിച്ചു.

കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് ഒഴിവാക്കാനായിരുന്നു  സ്ഥാനം ഒഴിയുന്ന ജനറൽ സെക്രട്ടറി കാരാട്ടിന്റെ ശ്രമം. രാമചന്ദ്രൻപിള്ള മത്സരത്തിൽ നിന്ന് പിന്മാറിയതോടെ യെച്ചൂരി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനുള്ള വഴി തുറന്നു. കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരിയുടെ പേര് നിർദ്ദേശിച്ചത് കാരാട്ടായിരുന്നു.
 
പ്രായാധിക്യം കണക്കിലെടുത്താണ് വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. വി.എസിന് പുറമേ ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെൻ, മുഹമ്മദ് അമീൻ, മല്ലുസ്വരാജ്യം എന്നിവരെയും പ്രത്യേക ക്ഷണിതാക്കളാക്കി. പോളിറ്റ് ബ്യൂറോയുടെ അംഗസംഖ്യ പതിനഞ്ചിൽ നിന്ന് 16 ആയി ഉയർത്തി. രണ്ടാമത്തെ വനിതാ അംഗമായി പകുതി മലയാളിയായ സുഭാഷിണി അലിയെ ഉൾപ്പെടുത്തി. ഹനൻമുള്ള (പശ്ചിമ ബംഗാൾ), മുഹമ്മദ് സലീം (പശ്ചിമ ബംഗാൾ), ജി. രാമകൃഷ്ണൻ (തമിഴ്നാട്) എന്നിവരാണ് പി.ബിയിലെ മറ്റു പുതുമുഖങ്ങൾ. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപംസെൻ എന്നിവരെ  ഒഴിവാക്കി. ശാരീരിക അവശത കാരണം തങ്ങളെ ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള വരദരാജനെയും ഒഴിവാക്കി.
 
കേന്ദ്ര കമ്മിറ്റിയുടെ അംഗസംഖ്യ 89ൽ നിന്ന് 91 ആയി ഉയർത്തി. രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. 17 പേരാണ് പുതുമുഖങ്ങൾ. പ്രത്യേക ക്ഷണിതാക്കളും സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുമ്പോൾ  കമ്മിറ്റിയുടെ അംഗസംഖ്യ 101  ആവും.  ഡൽഹി പാർട്ടി സെന്ററിൽ പ്രവർത്തിക്കുന്ന മലയാളികളായ  മുരളീധരൻ, വിജൂ കൃഷ്ണൻ എന്നിവരും കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാണ്.
 
പാർട്ടി കോൺഗ്രസിന്റെ സമാപന യോഗത്തിൽ കാരാട്ട് പുതിയ ജനറൽ സെക്രട്ടറിയായി  യെച്ചൂരിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ പ്രതിനിധികൾ നീണ്ട കരഘോഷം മുഴക്കി. യെച്ചൂരി ഇംഗ്ളീഷിലും, ഹിന്ദിയിലും, തെലുങ്കിലും, ബംഗാളിയിലും മറുപടി പ്രസംഗം നടത്തി സദസിനെ വിസ്മയിപ്പിച്ചു. വലിയ ദൗത്യമാണ് പാർട്ടി തന്നെ ഏല്പിച്ചിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. സമാപനച്ചടങ്ങിൽ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.