തിരുവനന്തപുരം: ജെ.ഡി.യു ഉന്നയിച്ച രാഷ്ട്രീയ കാര്യങ്ങള്‍ അതീവ ഗൗരവത്തോടെ യു.ഡി.എഫ് എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജെ.ഡി.യുവിന്റെ സാന്നിധ്യം യു.ഡി.എഫിലിണ്ടാകും എന്നതില്‍ തര്‍ക്കമില്ല. അവര്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ താനും മുഖ്യമന്ത്രിയും വി.എം സുധീരനുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്യും. ഇന്നുതന്നെ ചര്‍ച്ചയുണ്ടാകും. അതിനു മുന്‍പ് കെ.പി.സി.സി പ്രസിഡന്റുമായി വീരേന്ദ്രകുമാര്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.
യു.ഡി.എഫിന്റെ സമുന്നത നേതാവാണ് വീരേന്ദ്രകുമാര്‍. കേരളം ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. ജെ.ഡി.യു വന്നതോടെ യു.ഡി.എഫിന് വലിയ തോതിലുള്ള മെച്ചമുണ്ടായി. അവര്‍ വഴി മുന്നണിക്ക് ഒരു തലവേദനയും ഉണ്ടായിട്ടില്ല. ചില രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായി എന്നു മാത്രമേയുള്ളൂ.അത് സ്ഥാനമാനങ്ങളെയോ അതുപോലെയുള്ള മറ്റു വിഷയങ്ങളെ സംബന്ധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജെ.ഡി.യു ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. പലരും പ്രചരിപ്പിക്കുന്നതു പോലെ സ്ഥാനമാനങ്ങള്‍ക്കോ മറ്റ് പരിഗണനകള്‍ക്കോ വേണ്ടിയല്ല ജെ.ഡി.യു ആവശ്യമുന്നയിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങളിലാണ്. അതില്‍ പരിഹാരം കാണുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ട്. പാലക്കാട്ടെ തോല്‍വി യു.ഡി.എഫ് കമ്മിറ്റി അന്വേഷിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒരു മാറ്റവും വരുത്താതെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുമെന്നാണ് അറിയിച്ചത്. അതില്‍ സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.








