തിരു: പുനരുദ്ധാരണ
പാക്കേജിന്റെ മറവില്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി
കെഎസ്ആര്‍ടിസിയിലെ പതിനായിരത്തിലധികം തൊഴിലാളികളെ പുറത്താക്കും. പുനുരുദ്ധാരണ
പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സ്വകാര്യവല്‍ക്കരണ നയരേഖയുടെ
മറവിലാണ് നീക്കം. കോര്‍പറേഷന്റെ ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് ജീവനക്കാരുടെ
എണ്ണം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യും.
പിഎസ്സി അഡൈ്വസ് മെമ്മോ ചെയ്തവര്‍ക്കും ഇനി നിയമനം നല്‍കില്ല. കോര്‍പറേഷനിലെ ബസ്,
തൊഴിലാളി അനുപാതം 1 : 7.8 ആണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇത് 1 : 5.5 ആയി കുറയ്ക്കണമെന്നാണ് ആവശ്യം. ഇതിനായി
നിറംപിടിപ്പിച്ച കണക്കുകളോടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു.
പാക്കേജിലെ
കണക്കനുസരിച്ച് 35,000 സ്ഥിരം തൊഴിലാളികളുണ്ട്. 9,801 താല്‍ക്കാലിക ജീവനക്കാരെ
പുറംകരാര്‍ തൊഴിലിന്റെ സ്വഭാവത്തില്‍ നിയമിച്ചിട്ടുണ്ട്്. ഇവര്‍ക്ക് അവധി
ആനുകൂല്യങ്ങളടക്കം ഒന്നും ലഭ്യമല്ല. ജോലിയുള്ള ദിവസത്തെ കൂലിമാത്രം നല്‍കുന്നു.
പാക്കേജില്‍ എം-പാനല്‍, താല്‍ക്കാലിക തൊഴിലാളികളെയും ഉള്‍പ്പെടുത്തി ബസ്- തൊഴിലാളി
അനുപാതം നിശ്ചയിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായി കണക്കില്‍ വെള്ളം ചേര്‍ത്തു.
സുരക്ഷ, സാനിറ്ററി, അറ്റകുറ്റപ്പണി മേഖലയിലെ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരം
ജീവനക്കാരായി കണക്കാക്കി ബസ്-തൊഴിലാളി അനുപാതം നിര്‍ണയിക്കുകയായിരുന്നു. നിലവില്‍
അനുവദിച്ച 5,621 ഷെഡ്യൂളും 35,000 ജീവനക്കാരും എന്ന കണക്കനുസരിച്ച് അനുപാതം 6.22
ആണ്. അനുപാതം 7.8 ആയി പെരുപ്പിച്ചുകാട്ടിയതിലൂടെ കുറഞ്ഞത് പതിനായിരം പേര്‍
പുറത്താകും. തൊഴിലാളികളുടെ ജോലിഭാരം വര്‍ധിപ്പിക്കണമെന്നും എല്ലാ സര്‍വീസുകളുടെയും
ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെന്നതും ശുപാര്‍ശയിലുണ്ട്.
അധികഡ്യൂട്ടിക്ക് അലവന്‍സ്
മാത്രം നല്‍കും. അധികഡ്യൂട്ടി കണക്കാക്കല്‍ ഇല്ലാതാക്കും. എല്ലാ ജീവനക്കാര്‍ക്കും
എം-പാനല്‍ കൂലി നടപ്പാക്കുന്നതിന്റെ ഭാഗമായ നടപടിയാണിത്. പ്രതിസന്ധിയുടെ പേരില്‍
വികസന പദ്ധതികള്‍ ഉപേക്ഷിച്ചതോടെ കോര്‍പറേഷനില്‍ സമ്പൂര്‍ണ നിയമന നിരോധനം
നടപ്പാക്കി. മൂന്നുവര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകൂടി കണക്കിലെടുത്ത് 9,300 കണ്ടക്ടര്‍
ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയും പേര്‍ക്ക് പിഎസ്്സി
അഡൈ്വസ് മെമ്മോ അയച്ചു. എന്നാല്‍, 3,000 പേര്‍ക്കാണ് കോര്‍പറേഷന്‍ നിയമനം നല്‍കിയത്.
3,808 ഒഴിവേയുള്ളൂവെന്നാണ് മാനേജ്മെന്റ് വാദം. നിലവിലെ ഷെഡ്യൂള്‍
വെട്ടിക്കുറയ്ക്കുന്നതും, പുതിയ ഷെഡ്യൂള്‍ ആരംഭിക്കാത്തതുമാണ് കാരണം. എല്‍ഡിഎഫ്
സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 500 പുതിയ ഷെഡ്യൂള്‍ ഉറപ്പാക്കിയതിലൂടെ 20,000
പേര്‍ക്കാണ് കോര്‍പറേഷനില്‍ നിയമനം ലഭിച്ചത്.







