തൃശൂര്‍: തൃശൂരില്‍ അഭിഭാഷകയെ ഈസ്റ്റ് പൊലീസ്
സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ അറസ്റ്റ് വാറണ്ട്.
തൃശൂര്‍ സിജെഎം ഇന്ദിരാദേവിയാണ്് ഈസ്റ്റ് എസ് ഐ ലാല്‍ കുമാറിനെതിരെ വാറണ്ട്
പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് ഐജി നേരിട്ട് അറസ്റ്റ് ചെയ്ത് കോടതിയില്‍
ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വാറണ്ട്. കേസില്‍
കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു.
ഫെബ്രുവരി 22 ന് രാത്രിയാണ് അഭിഭാഷകയായ ആര്‍ കെ
ആശയടക്കം നാലു പേര്‍ക്ക് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. തൃശൂര്‍
റീജണല്‍ തിയറ്ററിന് സമീപത്ത് വച്ച് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്
വിദ്യാര്‍ഥികളെ മദ്യപിച്ചെന്നാരോപിച്ച് പൊലീസ് രാത്രിയില്‍ പിടികൂടിയിരുന്നു.
ഇവരുടെ സുഹൃത്തുക്കള്‍ സാമൂഹ്യ പ്രവര്‍ത്തകകൂടിയായ ആര്‍.കെ ആശയെ വിളിച്ചു വരുത്തി.
വിവരമന്വേഷിക്കുവാന്‍ രാത്രയില്‍ മകനും മകള്‍ക്കുമൊപ്പം വന്ന ആശയുടെ മകന്‍
ഗൗതമിനേയും പൊലീസ് മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു.
ഇവരെ പുറത്തിറക്കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാകണ്
ആശക്കും മകള്‍ക്കും മറ്റ് രണ്ടു പെണ്‍കുട്ടികള്‍ക്കും മര്‍ദനമേറ്റത്. ഈസ്റ്റ്
സ്റ്റേഷന്‍ എസ്ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. വനിതാ സൗഹൃദ
സ്റ്റേഷനിലാണ് പുരുഷപൊലീസുകാര്‍ മര്‍ദിച്ചത്. ജാമ്യമില്ലാ വകുപ്പ്പ്രകാരം
കേസെടുത്ത് മകനെയടക്കം നാലുപേരെ സ്റ്റേഷനില്‍ പിടിച്ചുവെച്ച പൊലീസ് ഇവരെ
രാത്രിതന്നെ വിട്ടയച്ചിരുന്നു. വിബ്ജിയോര്‍ മേളയില്‍ പ്രശ്നമുണ്ടാക്കിയ ബിജെപി
പ്രവര്‍ത്തകരെ വെറുതെ വിട്ട വിഷയത്തില്‍ ഇടപെട്ട അഡ്വ. ആശയെ അവഹേളിച്ചതിന് ഇതേ എസ്
ഐക്കെതിരെ പരാതിയുണ്ടായിരുന്നു. ഇതാണ് മര്‍ദനത്തിന് പിന്നിലെന്ന് പറയുന്നു.
ഇരുകാലുകളിലും പരിക്കേറ്റ ആശയും മകളും ആശുപത്രയില്‍
ചികില്‍സയിലാണ്.എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോയേഴ്സ് യൂണിയന്റെ
നേതൃത്വത്തില്‍ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം ഐ ജി ഓഫീസിലേക്ക് മാര്‍ച്ച്
നടത്തിയിരുന്നു. എന്നാല്‍ പൊലീസിനെ ആക്രമിച്ചതിനാണ് നാല് പേര്‍ക്കെതിരെ
കേസെടുത്തതെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് വാദം.








